ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്‍, ബേഠി ബെച്ചാവോ, ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ പദ്ധതികള്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ പാഠ്യവിഷയമാകും. എന്‍സിഇആര്‍ടിയുടെ പുസ്തകങ്ങളില്‍ ഇത് ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്(എന്‍സിഇആര്‍ടി) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധീകാരമുള്ള സ്ഥാപനമാണ്.
എട്ടാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തിലായിരിക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നത്. 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഇറക്കിയതിനെ തുടര്‍ന്ന് പ്രൈമറി ക്ലാസുകളിലെ കണക്ക് പുസ്തകത്തില്‍ മാറ്റം വരുത്തിയിരുന്നു.
സാമ്പത്തിക മേഖലയിലെ മാറ്റങ്ങളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി നോട്ട് അസാധുവാക്കല്‍, ജിഎസ്ടി തുടങ്ങിയ പദ്ധതികള്‍ പത്താം ക്ലാസിലെ ഇക്കണോമിക്‌സ് പുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.
എട്ടാം ക്ലാസിലെ സാമൂഹികപാഠ പുസ്തകത്തില്‍ റോഡ് സുരക്ഷ സംബന്ധിച്ച പാഠം ഉള്‍പ്പെടുത്താനും, ഇതേ ക്ലാസിലെ വിവിധ വിഷയങ്ങളിലായി സ്വച്ഛ് ഭാരത്, ബേഠി ബെച്ചാവോ, തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനു പുറമെ എട്ടാം ക്ലാസിലെ സംസ്‌കൃത പുസ്തകത്തില്‍ നിന്ന് ഭാഗവതജ്ജുഗം എന്ന പാഠഭാഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാഠഭാഗത്തിലെ വേശ്യ എന്ന പ്രയോഗം വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന അധ്യാപകരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.