ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ്. തള്ളിയാല്‍ മാത്രം മേല്‍ക്കോടതികളെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കാത്തതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭരണഘടന പ്രകാരം മൗലികാവകാശ ലംഘനം നടന്നാല്‍ മാത്രമേ പ്രത്യേക ഹര്‍ജികള്‍ പരിഗണിക്കു. ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
പാട്യാല കോടതിയില്‍ നേരിട്ട പ്രശ്നങ്ങള്‍ ഹൈക്കോടതിയിലും നേരിടേണ്ടിവരുമെന്ന് കനയ്യ കുമാറിന് വേണ്ടി ഹാജരായ രാജു രാമചന്ദ്രന്‍ ബോധിപ്പിച്ചു. ഇരു കോടതികളിലെയും അഭിഭാഷകര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സുപ്രീംകോടതി തന്നെ ഹര്‍ജിയില്‍ തീരുമാനമെടുക്കണമെന്ന് വാദിച്ചു. എന്നാല്‍, എല്ലാ കോടതിയിലും സുരക്ഷാ പ്രശ്നമുണ്ടെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
തുടര്‍ന്ന് ജാമ്യ ഹര്‍ജി വേഗത്തില്‍ പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്കും കനയ്യ കുമാറിന്റെ അഭിഭാഷകര്‍ക്ക് സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജാമ്യ ഹര്‍ജിയെ എതിര്‍ക്കുന്നതിനു പകരം ഹര്‍ജിയുടെ സാധുതയെ കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കീഴ്ക്കോടതിക്കും ഹൈക്കോടതിക്കും ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ കഴിവില്ലെന്നാണോ ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും വേണ്ടി ഹാജരായ അഭിഭാഷകര്‍ ചോദിച്ചു. തെറ്റായ കീഴ്വഴക്കമാകുമെന്ന് വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
കേസില്‍ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനെ അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും അഭിഭാഷകര്‍ക്ക് കീഴ്ക്കോടതിയില്‍ വാദിക്കാന്‍ കഴിയുന്നില്ലെന്നും കാണിച്ചാണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്യാംപസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഡല്‍ഹി പൊലീസ് 12 ന് അറസ്റ്റ് ചെയ്യുന്നത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ 2013 ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ഗുരുവിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിലൂടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.
ബി.ജെ.പി, എ.ബി.വി.പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതികളിലാണ് നടപടി. പ്രശ്നത്തില്‍ കനയ്യ കുമാര്‍ നിരപരാധിയാണെന്നും രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് സ്ഥാപിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്നും ജെ.എന്‍.യുവിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആരോപിച്ചു. കൂടാതെ കനയ്യയെ വിട്ടയക്കണം എന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ഥികളെ സമരം തുടരുകയാണ്.
ഇതിനിടെ രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കനയ്യക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു. കോടതിയില്‍ രണ്ട് തവണ ഹാജരാക്കിയ കനയ്യ കുമാറിനെതിരെ ഒരു സംഘം അഭിഭാഷകര്‍ ആക്രമണം നടത്തി. പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെടുകയും വിചാരണ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു ശേഷമാണ് കനയ്യ ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത്.