ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി(ജെ.എന്‍.യു.)യില്‍ അഫ്സല്‍ ഗുരു അനുസ്മരണത്തെ തുടര്‍ന്നു പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. കോടതിക്ക് അകത്തുണ്ടായിരുന്ന ഒരു അഭിഭാഷകന്‍ ഉച്ചത്തില്‍ വന്ദേമാതരം മുഴക്കി കോടതി നടപടികള്‍ തടസപ്പെടുത്തി. അഭിഭാഷകനായ രാജീവ് യാദവാണ് വന്ദേമാതരം വിളിച്ചത്.
ഉടന്‍തന്നെ കോടതി മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ട ഇയാളെ കോടതിയുടെ നിര്‍ദേശ പ്രകാരം പൊലീസ് ഹാജരാക്കി. കോടതി താക്കീത് ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ മാപ്പ് അപേക്ഷിച്ചു.
കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷമായ പരാമര്‍ശങ്ങളാണ് അഭിഭാഷകര്‍ക്കെതിരെ കോടതി നടത്തിയത്. എങ്ങനെയാണ് അഭിഭാഷകര്‍ നിയമം സ്വന്തം കൈകളിലെടുക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.
തീവ്രവാദ ആശയങ്ങള്‍ രാജ്യത്തെ അസ്ഥിരമാക്കും. ജനങ്ങള്‍ അവരുടെ ആശയങ്ങളില്‍ മിതത്വം പാലിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു.
ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ പാട്യാല ഹൗസ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി പ്രശാന്ത് ഭൂഷന്റെ വാദത്തിനിടെയാണ് സംഭവം. തീവ്രവാദികള്‍ക്ക് വേണ്ടിയാണ് പ്രശാന്ത് ഭൂഷണ്‍ വാദിക്കുന്നതെന്ന് രാജീവ് യാദവ് വിളിച്ചു പറഞ്ഞു.
ഇന്ന് കനയ്യ കുമാറിനെ പാട്യാല കോടതിയില്‍ ഹാജരാക്കുമ്പോള്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന് വാദത്തിനിടെ സുപ്രീംകോടതി നിരീക്ഷിച്ചു.