ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം. കേന്ദ്രസേനയെ ക്യാമ്പസില്‍ വിന്യസിച്ചതിനെതിരെയാണ് പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദ ദാന ചടങ്ങ് നടന്ന സ്ഥലത്തിന് സമീപമാണ് പ്രതിഷേധം ഉണ്ടായത്. വിദ്യാര്‍ഥികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും പിന്നെയും കൂട്ടമായി വന്ന് ധര്‍ണ നടത്തുകയായിരുന്നു. ഇതിനിടയില്‍ പോലീസ് മുന്നറിയിപ്പില്ലാതെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
അതേസമയം വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നും പ്രതിഷേധത്തിന് യാതൊരു കുറവും വന്നിട്ടില്ല. അതിനിടെ ചടങ്ങ് പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതിയും മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാലും മടങ്ങി. കൃത്യമായി ഉറപ്പുലഭിക്കാതെ ധര്‍ണയില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു.
ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന ഫീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാര്‍ഥികള്‍ വാദിക്കുന്നു.
Content Highlights: JNU Students protest, Central Armed forces deployed in campus