ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ തന്നെ കൈയ്യേറ്റം ചെയ്തതായി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എം. ജഗദേഷ് കുമാര്‍. തന്റെ കാര്‍ വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തതായും അദ്ദേഹം ആരോപിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ നടന്നുവരുന്ന വിദ്യാര്‍ഥി സമരത്തിന്റെ ഭാഗമായാണ് അക്രമം നടന്നതെന്നാണ് ആരോപണം.
ശനിയാഴ്ച വൈകുന്നേരം 4.30ഓടെ 15-20 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘം തന്നെ വളയുകയും ശാരീരികമായി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പിടിച്ച തള്ളുകയും ചെയ്‌തെന്ന് ജഗദേഷ് കുമാര്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ അസഭ്യം പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചുറ്റും നിന്നാണ് അവിടെനിന്ന് തന്നെ രക്ഷിച്ച് സമീപത്തുള്ള കാറില്‍ കയറ്റിയത്. എന്നാല്‍ വിദ്യാര്‍ഥികള്‍ കാറിന്റെ താക്കോല്‍ ഊരിയെടുത്തു. മറ്റൊരു കാറില്‍ കയറാന്‍ ശ്രമിച്ചപ്പോ വിദ്യാര്‍ഥികള്‍ വീണ്ടും തടഞ്ഞു. പോലീസുകാരുടെ സഹായത്തോടെ അവിടെനിന്ന് പോയ ശേഷം തന്റെ ഓഫീസിന് വിദ്യാര്‍ഥികള്‍ കേടുപാട് വരുത്തിയതായും അദ്ദേഹം ആരോപിച്ചു.
ഹോസ്റ്റല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ഒരു മാസമായി നടന്നുവരുന്ന പ്രതിഷേധ സമരങ്ങള്‍ അവസാനിപ്പിക്കുന്നതിനായി വൈസ് ചാന്‍സിലര്‍ വിദ്യാര്‍ഥികളും അധ്യാപകരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരം ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് വൈസ് ചാന്‍സിലറുമായി സംസാരിക്കാന്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക് മറുപടി നല്‍കാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായില്ലെന്നും തങ്ങളെ ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല, വിദ്യാര്‍ഥികളില്‍ ഒരാളുടെ മേല്‍ കാര്‍ ഓടിച്ചുകയറ്റാന്‍ വൈസ് ചാന്‍സിലര്‍ ശ്രമിച്ചതായും പ്രസ്താവനയില്‍ ആരോപിക്കുന്നു.
Content Highlights: Students Abused Me, Tried To Attack Me- JNU Vice Chancellor M Jagadesh Kumar