ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ അയവ്. പോലീസുമായി ഒരുഘട്ടത്തില്‍ ഏറ്റുമുട്ടലിന്റെ വക്കുവരെയെത്തിയെങ്കിലും ഇപ്പോള്‍ സംഘര്‍ഷ സാധ്യതയില്‍ അയവ് വന്നതായാണ് വിവരം. എങ്കിലും വൈസ് ചാന്‍സലറെ കാണാതെ പിരിഞ്ഞുപോകില്ല എന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
ബിരുദ ദാന ചടങ്ങിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മാനവ വിഭവ ശേഷ് മന്ത്രി രമേശ് പൊഖ്രിയാലും കാമ്പസിനുള്ളില്‍ ഉണ്ടായിരുന്നതിനാല്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. ഇത് വിദ്യാര്‍ഥി പ്രതിഷേധത്തിന് കാരണമായി.
ഉപരാഷ്ട്രപതിയും ഏറെ വൈകി രമേശ് പൊഖ്രിയാലും മടങ്ങിയതോടെ വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ച് മാറ്റാനുള്ള ശ്രമം പോലീസ് അവസാനിപ്പിച്ചതാണ് സംഘര്‍ഷസാധ്യതയില്‍ അയവ് വരുത്തിയത്.
ആദ്യം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കാമ്പസിന് പുറത്തെത്തിക്കാന്‍ സാധിച്ചുവെങ്കിലും കേന്ദ്രമന്ത്രിയെ പുറത്തെത്തിക്കാന്‍ സാധിച്ചിരുന്നില്ല. മണിക്കൂറുകളോളം മന്ത്രി കാമ്പസിനുള്ളില്‍ കുടുങ്ങി. വിദ്യാര്‍ഥികളുമായി വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചെങ്കിലും സമരം കേന്ദ്രമന്ത്രിക്കെതിരെ അല്ല യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കെതിരെയാണെന്നും തങ്ങള്‍ക്ക് കാണേണ്ടത് വൈസ് ചാന്‍സലറെയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
വൈസ് ചാന്‍സലറെ കാണാതെ തിരികെ പോകില്ലെന്ന നിലപാടുമായി വിദ്യാര്‍ഥികള്‍ പ്രധാന കവാടത്തിനു മുന്നിലെ ഉപരോധം തുടരുകയാണ്.
കഴിഞ്ഞ 10 ദിവസമായി ഹോസ്റ്റല്‍ ഫീസ് വര്‍ധനയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്യുകയായിരുന്നു. ഉപരാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ എത്തുന്ന ബിരുദ ദാന ചടങ്ങ് ബഹിഷ്‌കരിച്ച് ഇവര്‍ സമരം ശക്തമാക്കി. ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രതിഷേധം നടത്തുന്നതിലൂടെ തങ്ങളുടെ സമരത്തിന് ദേശീയ ശ്രദ്ധ കൈവരുമെന്ന് കണക്കുകൂട്ടിയാണ് സമരം ഈ രൂപത്തിലേക്ക് മാറ്റിയത്.
അതേസമയം വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായിട്ടില്ല. ഫീസ് വര്‍ധന നടപ്പിലാക്കിയാല്‍ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം അന്യമാകുമെന്നാണ് സമരക്കാര്‍ പറയുന്നത്.
പ്രതിഷേധം തുടര്‍ന്നതോടെ വിദ്യാര്‍ഥികളും വൈസ് ചാന്‍സിലറും തമ്മില്‍ ചര്‍ച്ച നടത്താനുള്ള അവസരമൊരുക്കാമെന്ന നിലപാടിലാണ് പോലീസ്.
ഹോസ്റ്റല്‍ ഫീസ് നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനുള്ള നീക്കമാണ് വിദ്യാര്‍ഥി പ്രതിഷേധത്തിന് ഇടയാക്കിയത്. 2500 രൂപയായിരുന്ന ഹോസ്റ്റല്‍ ഫീസ് 7500 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. ഇതുകൂടാതെ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതും വിദ്യാര്‍ഥികളുടെ രോഷത്തിന് കാരണമായി. ഹോസ്റ്റല്‍ മാനുവലിന്റെ കരട് പിന്‍വലിക്കണമെന്നതാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം
Content Highlights: student agitation at JNU; union minister was trapped on campus for hours