ചെന്നൈ: സ്‌കൂളുകളില്‍ ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. ഭാഷാപഠനത്തിലെ പുതിയ ശുപാര്‍ശക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേയാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധം അലയടിക്കുന്നത്. ഇതോടൊപ്പം സോഷ്യല്‍മീഡിയയില്‍ പ്രതിഷേധ ട്വീറ്റുകളും ക്യാമ്പയിനിങ്ങുകളും പ്രചരിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ മൂന്നുഭാഷകള്‍ പഠിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍, മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്നത് അംഗീകരിക്കാനാകില്ലെന്നാണ് തമിഴ്‌നാട്ടില്‍നിന്ന് ഉയരുന്ന നിലപാട്.
മുന്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം തയ്യാറാക്കിയത്. സ്‌കൂളുകളില്‍ മൂന്നുഭാഷ പഠിപ്പിക്കണമെന്നും കുട്ടികള്‍ നേരത്തെ തന്നെ മൂന്നുഭാഷകളില്‍ പ്രാവീണ്യം നേടുന്നത് ഗുണകരമാകുമെന്നുമായിരുന്നു പുതിയ വിദ്യാഭ്യാസനയത്തില്‍ പറഞ്ഞിരുന്നത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിപ്പിക്കണമെന്നായിരുന്നു ശുപാര്‍ശ. ഹിന്ദി സംസാരിക്കുന്നിടത്ത് പകരമായി വേറെ ഏതെങ്കിലും ഭാഷ പഠിപ്പിക്കണമെന്നും കരട് നയത്തില്‍ ശുപാര്‍ശ ചെയ്യുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ശുപാര്‍ശക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം വ്യാപകമാവുകയായിരുന്നു. #StopHindiImposition, #TNAgainstHindiImposition തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചാണ് പ്രതിഷേധ ട്വീറ്റുകള്‍ നിറയുന്നത്. ഞങ്ങള്‍ ഇന്ത്യക്കാരാണെന്നും ഹിന്ദിക്കാരല്ലെന്നുമാണ് ട്വീറ്റുകളില്‍ പറയുന്നത്. ഹിന്ദി നിര്‍ബന്ധഭാഷയാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരേ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയകക്ഷികളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതോടെ സംസ്ഥാനത്ത് തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കുകയുള്ളൂവെന്നും ഇതുവരെ തുടര്‍ന്നരീതിയില്‍ ഭാഷാപഠനം മുന്നോട്ടുപോകുമെന്നും എ.ഐ.ഡി.എം.കെ. നേതാവും തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യന്‍ വ്യക്തമാക്കി. ബി.ജെ.പിയുടെ ഇത്തരത്തിലുള്ള നീക്കം വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നായിരുന്നു ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ പ്രതികരണം. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കുന്നത് രാജ്യത്തിന്റെ വൈവിധ്യമായ സവിശേഷതകളെ തകര്‍ക്കുമെന്ന് ടി.ടി.വി. ദിനകരനും അഭിപ്രായപ്പെട്ടു.
അതേസമയം, തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമായതോടെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. പുതിയ വിദ്യാഭ്യാസനയത്തിന്റെ കരട് രൂപമാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ജനങ്ങളുടെ പ്രതികരണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ഒരുഭാഷയും അടിച്ചേല്‍പ്പിക്കാന്‍ ഒരുനീക്കങ്ങളും നടക്കുന്നില്ലെന്നും, ഇന്ത്യയിലെ എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: #StopHindiImpostion Twitter trending Tamilnadu on Protest Against Hindi Language Imposition in Schools