ന്യൂഡല്‍ഹി: സര്‍ക്കാരിനെ പുകഴ്ത്തുന്ന ഡോക്യുമെന്ററികള്‍ക്കു മാത്രമേ പ്രദര്‍ശനാനുമതി ലഭിക്കൂ എന്ന സ്ഥിതിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. വിജയുടെ മെര്‍സല്‍ എന്ന ചിത്രത്തെ എതിര്‍ക്കുന്ന ബിജെപി നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് ചിദംബരം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്.
സിനിമാക്കാര്‍ ശ്രദ്ധിക്കുക: സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന സിനിമകള്‍ മാത്രമേ നിര്‍മിക്കാവൂ എന്ന് അധികം വൈകാതെ നിയമം വരും. മെര്‍സല്‍ എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ നീക്കംചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. 'പരാശക്തി' ഇപ്പോഴാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ- എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
1952-ല്‍ പുറത്തിറങ്ങിയ പരാശക്തി എന്ന തമിഴ് ചിത്രം ആചാരാനുഷ്ടാനങ്ങളെ ശക്തമായി വിമര്‍ശിച്ചിരുന്നു. ശിവാജി ഗണേശന്‍ നായകനായ ഈ ചിത്രത്തിന്റെ തിരക്കഥ കരുണാനിധിയുടേതായിരുന്നു. ഈ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി അന്ന് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് പി ചിദംബരം തന്റെ ട്വീറ്റില്‍ പരാശക്തിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് ബിജെപിയുടെ വിമര്‍ശത്തിന് ഇടയാക്കിയത്. ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്‌നാട് ബി.ജെ.പി നേതൃത്വം സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.
ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് ബി.ജെ.പി.യെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കത്തില്‍ വടിവേലുവിന്റെ വിദേശത്തുള്ള കഥാപാത്രത്തെ പോക്കറ്റടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്‌സ് തുറന്നു കാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്കു നന്ദി പറയുന്നതാണ് തിയേറ്ററില്‍ വലിയ കൈയടിക്ക് വഴിവച്ച ഒരു രംഗം.
രണ്ടാമത്തേത് നായകന്‍ വിജയുടെ കഥാപാത്രം ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതാണ്. സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി. എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള സംഭാഷണമാണിത്. ബിജെപിയുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിത്രത്തിലെ പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് നിര്‍മാതാവ് ഉറപ്പുകൊടുത്തിരുന്നു.
ഇതിനിടെ, നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് മോദി സര്‍ക്കാരിനെതിരെ സിനിമയില്‍ പരാമര്‍ശം നടത്തിയതെന്നും ആരോപിച്ച് ബിജെപിയുടെ തമിഴ്നാട് നേതാവ് എച്ച്. രാജ രംഗത്തെത്തി. 'ജോസഫ് വിജയ്' എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയ്ക്കെതിരെ ട്വീറ്റ് ചെയ്തത്. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിജയ്ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുള്ളതിന്റെ തെളിവാണിതെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള രംഗങ്ങള്‍ മെര്‍സലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ ആരോപിച്ചു.
അതേസമയം, ചിത്രത്തിലെ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കരുതെന്നും നിരവധി കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. നേരത്തെ വിജയ് ചിത്രം മെര്‍സലിനെ 'വീണ്ടും സെന്‍സര്‍ ചെയ്യരുതെന്ന്' ആവശ്യപ്പെട്ട് നടന്‍ കമല്‍ ഹാസന്‍ രംഗത്തെത്തി. ബിജെപിയുടെ ആവശ്യം അംഗീകരിക്കരുതെന്ന് കബാലി സംവിധായകന്‍ പാ രഞ്ജിത്തും നേരത്തെ ആവശ്യപ്പെട്ടിരുന്നു.