ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. പ്രശസ്ത അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജിയായിരിക്കും കനയ്യ കുമാറിനുവേണ്ടി ഹാജരാകുക.
മുതിന്ന അഭിഭാഷകന്‍ രാജു രാജമചന്ദ്രനാണ് സുപ്രീംകോടതിയില്‍ കനയ്യക്ക് വേണ്ടി ജാമ്യഹര്‍ജി നല്‍കിയതെങ്കിലും അഭിഭാഷക സംഘത്തെ നയിക്കുന്നത് സോളി സൊറാബ്ജിയായിരിക്കും.
അതിനിടെ രാജ്യദ്രോഹക്കുറ്റം പോലീസ് ഒഴിവാക്കിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാമ്പസിനുള്ളില്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.
കനയ്യ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, പോലീസിന്റെ കൈവശമുള്ള ദൃശ്യങ്ങളില്‍ ശബ്ദം വ്യക്തമല്ലെന്നാണ് സൂചന. അതിനാല്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതിന് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞേക്കില്ല.
ജെ.എന്‍.യു കാമ്പസില്‍ ഫിബ്രവരി 9 ന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ടെലിവിഷന്‍ ചാനലുകളോട് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് ചാനലുകള്‍ മാത്രമാണ് ഫിബ്രവരി ഒമ്പതിന് ജെ.എന്‍.യു കാമ്പസില്‍ ഉണ്ടായിരുന്നത്. അവയില്‍നിന്ന് വ്യക്തമായ ദൃശ്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. വിദ്യാര്‍ഥികള്‍ മൊബൈലില്‍ പകര്‍ത്തിയ ദശ്യങ്ങളാണ് തങ്ങള്‍ സംപ്രേഷണം ചെയ്തതെന്ന് പല ടെലിവിഷന്‍ ചാനലുകളും പോലീസിനെ അറിയിച്ചിട്ടുണ്ട്.