ന്യൂഡല്‍ഹി: സൊഹ്റാബുദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കിയതിന് എതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.
ജസ്റ്റിസ് എസ്.എ ബോബ്ദെ, അഷോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മുന്‍ ഐ.എ.എസ് ഓഫീസറും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹര്‍ജിയില്‍ അരമണിക്കൂര്‍ വാദം കേട്ട ശേഷം ഹര്‍ജി തള്ളിയത്.
2014 ഡിസംബര്‍ 30ന് മുംബൈയിലെ സി.ബി.ഐ കോടതി ബി.ജെ.പി അധ്യക്ഷനെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റമുക്തനാക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് അമിത് ഷായെ കേസില്‍ പ്രതിയാക്കിയതെന്നും അമിത് ഷായ്‌ക്കെതിരെ കേസില്ലെന്നും പറഞ്ഞാണ് സി.ബി.ഐ കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയത്. ഇതിനെതിരെ ഹര്‍ഷ് മന്ദര്‍ ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട വ്യക്തിയല്ല ഹര്‍ജിക്കാരന്‍ എന്നുപറഞ്ഞ് കഴിഞ്ഞ മാര്‍ച്ചില്‍ ഈ ആവശ്യം നിരാകരിച്ചു.
സൊഹ്റാബുദ്ദീനും ഭാര്യ കൗസര്‍ ബിയും 2005 ലാണ് ഗുജറാത്ത് പോലീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
Share this Article
Related Topics