ചെന്നൈ: അമേരിക്കയിലെ ഫ്‌ളോറിഡ നിവാസികളെ ചുറ്റിച്ച വലിയൊരു പ്രശ്‌നം പരിഹരിക്കാന്‍ ഒടുവില്‍ ഇന്ത്യക്കാര്‍തന്നെ വേണ്ടിവന്നു. പെരുമ്പാമ്പിന്റെ ശല്യംകൊണ്ട് പൊറുതിമുട്ടിയതിനെ തുടര്‍ന്ന് പാമ്പുപിടുത്തക്കാരെ അന്വേഷിച്ച് ലോകം ചുറ്റിയ അധികൃതര്‍ ഒടുവില്‍ വിദഗ്ധരെ കണ്ടെത്തിയത് തമിഴ്നാട്ടില്‍നിന്ന്.
ഫ്‌ളോറിഡയിലെ ചില പ്രദേശങ്ങളില്‍ പെരുമ്പാമ്പുകളെക്കൊണ്ടുള്ള ശല്യം പൊറുതിമുട്ടിയിട്ട് വര്‍ഷങ്ങളായി. നായ്ക്കളും പൂച്ചയുമടക്കമുള്ള വീട്ടുമൃഗങ്ങളെ ഭക്ഷണമാക്കുകയും വീടുകള്‍ക്കുള്ളില്‍ പോലും കടന്നുകയറുകയും ചെയ്യുന്ന പെരുമ്പാമ്പുകളെ ഇല്ലാതാക്കാന്‍ ഫ്‌ളോറിഡ അധികൃതര്‍ പടിച്ച പണി പതിനെട്ടും പയറ്റി.
പാമ്പുകളെ പിടികൂടുന്നവര്‍ക്ക് പാരിതോഷികങ്ങളും നിരവധി സമ്മാനപദ്ധതികളും പ്രഖ്യാപിച്ചു. 1,500 ഡോളര്‍ വരെ സമ്മാനത്തുകയും ഐഫോണ്‍ അടക്കമുള്ള സമ്മാനങ്ങളും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും പെരുമ്പാമ്പ് ഭീഷണിയ്ക്ക് പരിഹാരമായില്ല. തുടര്‍ന്നാണ് സംസ്ഥാനത്തെ വന്യമൃഗ വകുപ്പ് വിദഗ്ധരായ പാമ്പുപിടുത്തക്കാരെ നിയോഗിച്ച് പെരുമ്പാമ്പുകളെ പിടികൂടി കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ വിദഗ്ധരെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടു.
ഒടുവിലാണ് പരമ്പരാഗതമായി പാമ്പുപിടുത്തക്കാരായ തമിഴ്‌നാട്ടിലെ ഇരുള വിഭാഗത്തില്‍പ്പെട്ട മാസി സദയ്യന്‍, വടിവേല്‍ ഗോപാല്‍ എന്നിവരെ കണ്ടെത്തിയത്. ഭാഷാ പ്രശ്‌നം പരിഹരിക്കുന്നതിന് ഇവര്‍ക്കൊപ്പം രണ്ട് പരിഭാഷകരെയും ഏര്‍പ്പെടുത്തി. പാമ്പുപിടിത്തം തുടങ്ങി രണ്ട് ആഴ്ചയ്ക്കുള്ളില്‍ അവര്‍ പിടികൂടിയത് 13 പെരുമ്പാമ്പുകളെയാണ്. ലോകപ്രശസ്ഥ വന്യ ജീവി സംരക്ഷകന്‍ റോമുലസ് വിറ്റേക്കറും സംഘത്തിനൊപ്പമുണ്ടായിരുന്നു. മദ്രാസ് പാമ്പു വളര്‍ത്തു കേന്ദ്രത്തിന്റെ സ്ഥാപകന്‍ കൂടിയാണ് വിറ്റേക്കര്‍
പരിശീലനം ലഭിച്ച നായ്ക്കളെ ഉപോയോഗിച്ചാണ് പാമ്പുകളെ കണ്ടെത്തുന്നതും പിടികൂടുന്നതും. ഇപ്പോള്‍ കീലാര്‍ഗോയില്‍ പാമ്പുപിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സദയ്യനും വടിവേലും. ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന പാമ്പുപിടുത്ത യജ്ഞത്തിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഏതായാലും ഇന്ത്യയില്‍നിന്ന് വിദഗ്ധരെ കൊണ്ടുവരാനുള്ള തീരുമാനം വന്‍ വിജയമായെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പെരുമ്പാമ്പുകളെ പിടികൂടുന്നതില്‍ ഇവര്‍ക്കുള്ള വൈദഗ്ധ്യം അത്ഭുതകരമാണെന്ന് അവര്‍ പറയുന്നു. ഈ പദ്ധതിയ്ക്കായി 68,888 ഡോളറാണ് ഫ്ലോറിഡയിലെ വന്യമൃഗ വകുപ്പ് ചെലവാക്കുന്നത്.