ന്യൂഡല്‍ഹി: ജെ.എന്‍.യു, രോഹിത് വെമൂല വിഷയത്തില്‍ രാജ്യസഭയില്‍ സംസാരിച്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗത്തില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് സംഭവത്തെക്കുറിച്ചും പരാമര്‍ശം. സി.പി.എം നേതാവ് സീതാറാം യെച്ചൂരിക്ക് നല്‍കിയ മറുപടിയിലാണ് അവര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
കേരളത്തില്‍ ഒരു വിദ്യാര്‍ഥിനി ജീവന് വേണ്ടി പോരാടുമ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അവളെ ആക്രമിക്കുകയായിരുന്നു. ആ കുട്ടി ഒരു എ.ബി.വി.പി പ്രവര്‍ത്തകയായതു കൊണ്ടായിരുന്നു അത്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന കുട്ടികളെ മാത്രം സംരക്ഷിച്ചാല്‍ മതിയോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
ആര്‍.എല്‍.വി കോളേജില്‍ അപഹാസ്യമായ ചില പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പോസ്റ്ററുകള്‍ക്ക് പിന്നില്‍ ചില എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഈ സംഭവമാണ് മന്ത്രി പരാമര്‍ശിച്ചത്.
എന്നാല്‍ സഭയില്‍ നടക്കുന്ന ചര്‍ച്ചയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സ്മൃതി ഇറാനി പറയുന്നതെന്ന് യച്ചൂരി ആരോപിച്ചു.എസ്.എഫ്.ഐയെ വിമര്‍ശിച്ചു കൊണ്ട് രോഹിത് വെമൂല എഴുതിയ ഫേസ്ബുക്ക് പോസ്റ്റും മന്ത്രി സഭയില്‍ വായിച്ചു.പലരും തന്നെ വിദ്യാഭ്യാസമില്ലാത്ത മന്ത്രി എന്ന് വിളിക്കുന്നുണ്ടെന്നും താന്‍ യച്ചൂരിയെപ്പോലെ പാണ്ഡിത്യമുള്ളയാളല്ലെന്നും അവര്‍ പറഞ്ഞു.
Share this Article
Related Topics