ന്യൂഡല്‍ഹി: താന്‍ ഇന്ത്യയിലെ ക്യാമ്പസുകളെ കാവിവത്ക്കരിക്കുകയാണെന്ന ആരോപണം തെളിയിച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സമൃതി ഇറാനി.
ലോക്‌സഭയില്‍ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ജെ.എന്‍.യു, രോഹിത് വെമൂല വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
മന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്
- യു.പി.എ സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാര്‍ ഇപ്പോഴുമുണ്ട്. അതില്‍ ഏതെങ്കിലും ഒരാള്‍ എനിക്കെതിരെ കാവിവത്ക്കരണ ആരോപണം ഉന്നയിക്കുകയാണെങ്കില്‍ രാജിവെക്കാം.
- രോഹിത് വെമൂലയെ സസ്‌പെന്‍ഡ് ചെയ്ത ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കൗണ്‍സിലിനെ യു.പി.എ സര്‍ക്കാര്‍ നിയമിച്ചതാണ്.
- രോഹിതിന്റെ മൃതദേഹം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയായിരുന്നു.
- രാവിലെ ആറരവരെ ഒരു ഡോക്ടറെപ്പോലും രോഹിതിന്റെ അടുത്തേക്ക് പ്രവേശിപ്പിച്ചില്ല. കൃത്യസമയത്ത് ആസ്പത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ രോഹിതിനെ രക്ഷിക്കാമായിരുന്നു.
- തെലങ്കാന സമരത്തില്‍ 600 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. പക്ഷേ രാഹുല്‍ ഗാന്ധി അവിടെ പോയില്ല.
- വെമൂല സംഭവത്തില്‍ രാഹുല്‍ രണ്ട് തവണ രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ പോയി. ഒരു രാഷ്ട്രീയ സാഹചര്യം അവിടെ കണ്ടതിനാലാണത്.
- ഒരു ചെറുപ്പക്കാരന്റെ മരണം കൊണ്ട് രാഷ്ട്രീയം വളര്‍ത്തുന്നത് ഈ രാജ്യത്തെ നാശത്തില്‍ കൊണ്ടെത്തിക്കും.
- രോഹിതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത് . അല്ലാതെ ഒരു ദളിത് വിദ്യാര്‍ഥിയെക്കുറിച്ചല്ല.
- നമ്മുടെ കുട്ടികള്‍ വോട്ടുബാങ്കുകളല്ല.
- വിദ്യാഭ്യാസത്തെ ഒരു രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയാക്കരുത്.
- അമേഠിയില്‍ തിരഞ്ഞെടുപ്പിന് നിന്നതിന്റെ പേരിലാണ് എന്നെ ക്രൂശിക്കുന്നത്.
- യു.പി.എ സര്‍ക്കാര്‍ പുറത്തിറക്കിയ പാഠപുസ്തകങ്ങള്‍ കണ്ടാല്‍ ജെ.എന്‍.യുവില്‍ നടക്കുന്നതിനെക്കുറിച്ച് അത്ഭുതമൊന്നും തോന്നില്ല.
- ഒരു മന്ത്രി എന്ന നിലയില്‍ എന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യരുത്.
- ഹൈദരാബാദ് സര്‍വകലാശാലാ അധികൃതര്‍ക്ക് കത്തെഴുതിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിലെ ഹനുമന്തപ്പ റാവു സര്‍വകലാശാലയിലെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തനിക്ക് നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ട്.
- യു.പി.എ സര്‍ക്കാരിന്റെ മതേതര വിദ്യാഭ്യാസമെന്ന ആശയം അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
- ഉമര്‍ ഖാലിദ് ജെ.എന്‍.യു അധികൃതരെ തെറ്റിദ്ധരിപ്പിച്ചു.
- യോഗത്തിനുള്ള അപേക്ഷയില്‍ കവിതാ ആലാപനമാണെന്നായിരുന്നു ഉമര്‍ ഖാലിദ് എഴുതിയിരുന്നത്.
- ജെ.എന്‍.യു സംഭവത്തില്‍ നമ്മുടെ കൈവശം വീഡിയോ തെളിവുകളുണ്ട്.
- നിങ്ങളുടെ രാജ്യസ്‌നേഹത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഞാന്‍ ആളല്ല. പക്ഷേ എന്റെ രാജ്യ സ്‌നേഹത്തെ നിങ്ങള്‍ നിന്ദിക്കരുത്.
- ഞാന്‍ ഈ രാജ്യത്തിന് വേണ്ടി ജീവിച്ച് മരിക്കും.
- ഗംഗയില്‍ നിമജ്ജനം ചെയ്യപ്പെടുന്ന തന്റെ ചിതാഭസ്മം വരെ ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന് ഉദ്‌ഘോഷിക്കും.
- പ്രസംഗത്തില്‍ ചാണക്യനെ ഉദ്ധരിച്ചാല്‍ കാവിവത്ക്കരണം നടത്തുകയാണെന്ന് നിങ്ങള്‍ ആരോപണമുന്നയിക്കും. അതുകൊണ്ട് ഒരു റോമന്‍ തത്വചിന്തകനെയാണ് ഇന്ന് ഉദ്ധരിക്കുന്നത്.