ന്യൂഡല്‍ഹി: രാജ്യത്തെ കംപ്യൂട്ടറുകളെല്ലാം നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യക്കാരെയെല്ലാം കുറ്റവാളികളായി പരിഗണിക്കുന്നതെന്തിനാണെന്ന് യെച്ചൂരി ചോദിക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ വന്നത്.
എല്ലാ പൗരന്മാരേയും നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ഇത് ടെലിഫോണ്‍ ടാപ്പിങ് മാര്‍ഗനിര്‍ദേശങ്ങളും സ്വകാര്യത സംബന്ധിച്ച കോടതി വിധിയും ആധാര്‍ വിധിയും ലംഘിക്കുന്നതാണ് ഈ തിരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മുകശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും അസമിലും മാത്രം), ഡല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് ആവശ്യമായ സാഹചര്യങ്ങളില്‍ രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളിലും നിരീക്ഷണം നടത്താനും, അതിലെ വിവരങ്ങള്‍ കയ്യടക്കാനും അനുമതി നല്‍കിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗഭയാണ് ഉത്തരവ് നല്‍കിയത്.
2000 ലെ ഐടി നിയമത്തിന്റെ സെക്ഷന്‍ 69(1) അനുസരിച്ചാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ സമഗ്രത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, ക്രമസമാധാനം എന്നിവ പരിഗണിച്ചുകൊണ്ട് ആവശ്യമെങ്കില്‍ ഏജന്‍സികള്‍ക്ക് കംപ്യൂട്ടര്‍ വിവരങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കാനാവും. ഈ നിര്‍ദേശത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നത് ഏഴ് വര്‍ഷം വരെ കഠനി തടവ് ലഭിക്കുന്ന കുറ്റമാണ്.