മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പി.ക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന മുഖപത്രം സാമ്‌ന. ശിവസേന എംഎല്‍എമാരെ ചിലര്‍ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍നിന്നാണ് മുഖ്യമന്ത്രിയെ വേണ്ടതെന്നുമാണ് സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നത്.
ശിവസേനയുടെ പുതിയ എംഎല്‍എമാരെ ചിലര്‍ പണം ഉപയോഗിച്ച് ചാക്കിടാന്‍ ശ്രമിക്കുന്നതായും ഇത്തരത്തിലുള്ള പരാതികള്‍ കൂടിവരുന്നുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. എന്നാല്‍ മൂല്യങ്ങള്‍ പാലിക്കാത്ത രാഷ്ട്രീയം ശിവസേന ഒരിക്കലും അനുവദിക്കില്ല.
നേരത്തെയുണ്ടായിരുന്ന സര്‍ക്കാര്‍ മണി പവര്‍ ഉപയോഗിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, ആരും സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുന്നില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യം ശിവസേന മുഖ്യമന്ത്രിയെയാണെന്നും സാമ്‌നയുടെ മുഖപ്രസംഗത്തിലുണ്ട്.
രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കിടാമെന്ന വ്യവസ്ഥ ബി.ജെ.പി. അംഗീകരിക്കാതിരുന്നതോടെയാണ് മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി തര്‍ക്കം ഉടലെടുത്തത്. മുഖ്യമന്ത്രി പദം ഒരിക്കലും നല്‍കില്ലെന്ന് ബിജെപി നിലപാട് സ്വീകരിച്ചതോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ശിവസേനയും പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനിടെ, ശിവസേന നേതാക്കള്‍ എന്‍സിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും എന്‍സിപി പ്രതിപക്ഷത്തിരിക്കുമെന്ന് ശരദ് പവാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി നേതാക്കളും വ്യാഴാഴ്ച ഗവര്‍ണറെ കാണും.
Content Highlights: shivsena accuses bjp poaching their mla's through shivsena mouthpiece samna