മുംബൈ: ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രില്‍ 72 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിജെപിക്കെതിരേ ശിവസേന. ഉത്തര്‍പ്രദേശില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് ശിവസേന വിമര്‍ശിക്കുന്നു.
ശിവസേനയുടെ മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ഗോരഖ്പുരിലെ ദുരന്തത്തെ കൂട്ടക്കൊല എന്ന് വിശേഷിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു ഭരണത്തിലെങ്കില്‍ കേന്ദ്രം നടപടി സ്വീകരിക്കുമായിരുന്നു എന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
പാവങ്ങളുടെ വിഷമങ്ങള്‍ ഒന്നും രാഷ്ട്രീയകാരനെ ബാധിക്കുന്നതല്ല. ഇതാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരാജയവും. പാവങ്ങളുടെ ഈ വേദനയും സഹനവുമാണ് മന്‍ കി ബാത്ത് എന്നും മുഖപ്രസംഗത്തിലുണ്ട്.
ഗോരഖ്പുരില്‍ മരണം സംഭവിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിച്ചത് വലിയ ഭാഗ്യമാണ്. അവിടെ കുട്ടികള്‍ ശ്വാസോച്ഛാസം നിര്‍ത്തിയെന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിനു ശേഷം അവര്‍ വീണ്ടും ശ്വസിക്കുമെന്നുമാണ് സാധാരണ ഗതിയില്‍ പറയാന്‍ സാധ്യതയുണ്ടായിരുന്നതെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.
എല്ലാ ഓഗസ്റ്റിലും ഇത്തരത്തിലുള്ള മരണം ആവര്‍ത്തിക്കുമെങ്കില്‍ എന്ത് കൊണ്ട് രാഷ്ട്രീയകാരുടെയും അധികാരികളുടെയും വീടുകളില്‍ സംഭവിക്കുന്നില്ല. അവരുടെ വീടുകളിലുള്ളവര്‍ അനശ്വരരാണോ എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.
നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും ശേഷം ഇടഞ്ഞു നില്‍ക്കുന്ന ശിവശേന-ബിജെപി ബന്ധത്തിന് മറ്റൊരു ആഘാതമാണ് ഈ മുഖപ്രസംഗം ഉണ്ടാക്കിയിരിക്കുന്നത്.
ഗോരഖ്പുരിലെ എംപി കൂടിയായ യോഗി ആദിത്യനാഥ് സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുമ്പോഴും മരണം സംഭവിച്ചത് ഓക്‌സിജന്റെ അഭാവം മൂലമല്ലെന്ന് വാദിക്കുന്നുണ്ട്.
ഓഗസ്റ്റ് 10,11 ദിവസങ്ങളില്‍ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് അംഗീകരിച്ചിട്ടുണ്ട്.