ഭുവനേശ്വര്‍: ഒഡീഷയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ് ഇവര്‍. തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്നാരോപിച്ചാണ് രാജി.
സംസ്ഥാനത്തെ ബി.ജെ.പി നേതാക്കന്മാര്‍ സീറ്റ് നിഷേധിക്കപ്പെടും എന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ ഉള്ള നിരവധി പ്രശ്‌നങ്ങള്‍ പുറത്ത് പറയാന്‍ ഭയക്കുകയാണെന്ന് അമിത് ഷായ്ക്ക് എഴുതിയ രാജിക്കത്തില്‍ ഇരുവരും ആരോപിച്ചു.
സ്വയം വലിയവരെന്ന് കരുതുന്നവരും സ്വാര്‍ത്ഥരുമായ ഒരുപറ്റം പ്രവര്‍ത്തകര്‍ വൃത്തികട്ട വഴികളിലൂടെ തങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആത്മാഭിമാനമുള്ള പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലും പതിറ്റാണ്ടുകളായി ഒഡീഷയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചവര്‍ എന്ന നിലയിലും കാഴ്ചവസ്തുക്കളായി പാര്‍ട്ടിയില്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം.
തങ്ങളെ സംബന്ധിച്ചെടുത്തോളം സംസ്ഥാനത്തിന്റെ താല്‍പര്യമാണ് പരമപ്രധാനം. സ്ഥാനാര്‍ഥിത്വത്തിനോ, അധികാരത്തിനോ, പദവികള്‍ക്കോ വേണ്ടി തങ്ങളുടെ ആത്മാഭിമാനമോ സംസ്ഥാനത്തിന്റെ താല്‍പര്യമോ പണയം വെക്കാന്‍ തങ്ങളൊരുക്കമല്ല. അത്തരം നിശബ്ദതകള്‍ ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ലെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
റൂര്‍ഖല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ ദിലീപ് റായ് തന്റെ നിയമസഭാ അംഗത്വവും രാജിവെച്ചിട്ടുണ്ട്. കടുത്ത മനോവേദനയോട് കൂടിയാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് റായ് പിന്നീട് ട്വീറ്റ് ചെയ്തു.
എന്നാല്‍ ഈ നേതാക്കന്മാരുടെ രാജി സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബസന്ത് പാണ്ഡ പ്രതികരിച്ചു. എന്നാല്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ സുന്ദര്‍ഗര്‍ ലോക്‌സഭാ സീറ്റില്‍ ദിലീപ് റായ്‌യുടെ രാജി ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജോയ് മൊഹപാത്രയുടെ അഭാവം കട്ടക്ക് ജില്ല ഉള്‍പ്പടെയുള്ള പ്രദേശത്തും പാര്‍ട്ടിക്ക് പ്രശ്‌നമായേക്കും.
content highlights: Senior Leaders Dilip Ray, Bijoy Mahapatra Quit BJP in Odisha