ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പോലീസ്. കോടതിയില്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍, ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ട്.
2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യു കാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി 40 വീഡിയോ ക്ലിപ്പുകളുടെ ഫോറന്‍സിക് പരിശോധനയില്‍നിന്ന് വ്യക്തമായതായി കുറ്റപത്രത്തില്‍ പറയുന്നു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ഇവര്‍ മുദ്രാവാക്യം മുഴക്കുമ്പോള്‍ കനയ്യകുമാര്‍ ഇതിനെതിരെ ഒന്നും ചെയ്തില്ല. എന്നാല്‍ കനയ്യകുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി കുറ്റപത്രത്തില്‍ പറയുന്നില്ല. കയ്യകുമാറിനെതിരെ ചുമത്തേണ്ട വകുപ്പ് ഏതെന്ന് കോടതിയ്ക്ക് തീരുമാനിക്കാമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എബിവിപി, ഡിഎസ്.യു എന്നീ വിദ്യാര്‍ഥി സംഘടനകളില്‍ പെട്ടവരാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍.
അഫ്‌സല്‍ ഗുരുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍ ഒട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തെന്നാണ് കേസ്. 140 പേരുള്ള പ്രതിഷേധക്കാരില്‍ പുറത്തുനിന്നുള്ള ഒമ്പത് പേരും കുറ്റകൃത്യത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് ഇവര്‍ എല്ലാവരും കാശ്മീരില്‍നിന്ന് ഉള്ളവരാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഡല്‍ഹി പോലീസ് പ്രതിരോധത്തിലായി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും അവസാനിപ്പിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. തൊട്ടുപിന്നാലെ ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് എ.ബി.വി.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.