ന്യൂൂഡൽഹി: പ്രത്യേക സൈനികാധികാര നിയമം നിലനില്‍ക്കുന്ന മണിപ്പുരില്‍ സൈന്യവും മറ്റ് സുരക്ഷാ സേനകളും നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തവിട്ടു. സേന നടത്തിയ 62 കൊലപാതകങ്ങള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസുകള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കാനും ഇതു സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വിവരം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സൈന്യത്തിനു മേലുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 62ല്‍ 28 ഏറ്റുമുട്ടലുകള്‍ നടത്തിയത് സൈന്യമാണെന്നാണ് ആരോപണം.
2010-12 വര്‍ഷങ്ങളില്‍ മണിപ്പൂരില്‍ നിയമം ലംഘിച്ച് 1,528 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. മണിപ്പൂരില്‍ സൈന്യം നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പ നിലവിലുണ്ടെങ്കിലും സൈന്യത്തിന് അമിതാധികാരം പ്രയോഗിക്കാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 1958ലാണ് മണിപ്പൂരില്‍ അഫ്‌സ്പ പ്രഖ്യാപിച്ചത്. സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ഇറോം ശര്‍മിളയുടെ ഐതിഹാസിക സമരം അടക്കം നിരവധി മനുഷ്യാവകാശ സമരങ്ങള്‍ നടന്നിട്ടുണ്ട്.
Share this Article
Related Topics