ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി ആരാഞ്ഞു.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞുവെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കടലാസ് കമ്പനികള്‍ക്കുവേണ്ടി സാമ്പത്തിക തിരിമറി നടത്താന്‍ വ്യാജ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ മാത്രമെ ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ തടയാനാകൂവെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് മാര്‍ച്ച് 27 ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2015 ആഗസറ്റിലും സുപ്രീം കോടതി സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാര്‍ വിവരങ്ങള്‍ കരുതലോടെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ 2015 ന് ഒക്ടോബര്‍ 15 ന് പെന്‍ഷന്‍ പദ്ധതികള്‍ അടക്കമുള്ളവയുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Share this Article
Related Topics