ന്യൂഡല്‍ഹി: വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
തരിഗാമിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ കുടുംബാംഗങ്ങള്‍ അല്ലാത്തവരെ തരിഗാമിയെ കാണുന്നത് തടയണമെന്ന് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ നിലാപാടെടുത്തു. എന്നാല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു. രാജ്യത്ത് ഒരു പൗരന് മറ്റൊരാളെ കാണാന്‍ തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തരിഗാമിയെ കാണാന്‍ താന്‍ കശ്മീരിലേക്ക് പോയപ്പോള്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞെന്നും വീട്ടു തടങ്കലിലാക്കിയ ശേഷം അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും യെച്ചൂരി കോടതിയില്‍ അറിയിച്ചിരുന്നു.
സുഹൃത്തിനേയും സഹപ്രവര്‍ത്തകരേയും കാണുകയല്ലാതെ മറ്റെന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഹര്‍ജിക്കാരന്‍ ഏര്‍പ്പെട്ടാല്‍ കോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. യെച്ചൂരിക്കായി രാജു രാമചന്ദ്രനാണ് കോടതിയില്‍ ഹാജരായത്.
മറ്റൊരു ഹര്‍ജിയില്‍ മുഹമ്മദ് അലീം സയീദ് എന്ന നിയമബിരുദധാരിക്ക് അനന്ത്‌നാഗിലുള്ള തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനും കോടതി അനുമതി നല്‍കി. ഇതിനിടെ കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എടുത്ത് കളഞ്ഞത് ചോദ്യം ചെയ്തുള്ള എട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തു.
Content Highlights: SC Allows Sitaram Yechury To Travel To Kashmir To Meet CPI(M) Leader Tarigami