ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ശിവസേന. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്ക് നല്‍കിയ മറുപടിയിലാണ് രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മിക്കുമെന്ന് ശിവസേന എം.പി സഞ്ജയ് റൗത്ത് വ്യക്തമാക്കിയത്.
ഒവൈസി ഹൈദരാബാദ് തന്നെ തുടരുന്നതാണ് നല്ലത്. രാമക്ഷേത്രം ഇറാനിലോ പാകിസ്താനിലോ ഹൈദരാബാദോ അല്ല നിര്‍മിക്കുക. അയോധ്യയില്‍ തന്നെയാണ്. ഒവൈസിയെ പോലുള്ളവര്‍ മുസ്ലീം സമുദായത്തെ തന്നെ തെറ്റിലേക്ക് നയിക്കുകയാണ്. ഇത്തരത്തിലുള്ളവരുടെ രാഷ്ട്രീയം ഭാവിയില്‍ വലിയ ആഘാതം സൃഷ്ടിക്കും.
രാമക്ഷേത്ര നിര്‍മാണത്തിനായി ഉടന്‍ നിയമം കൊണ്ടുവരണം. നിയമം നിര്‍മിക്കാതെ രാമക്ഷേത്ര നിര്‍മ്മാണം സാധ്യമല്ല. 2019 ലെ തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് പറയാനാകില്ല. അതിനാല്‍ ഭൂരിപക്ഷം ഉള്ളപ്പോള്‍ തന്നെ ക്ഷേത്ര നിര്‍മാണം നടത്തണം. വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ കോടതിക്ക് ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാവില്ല.
ഇതൊരു രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രശ്‌നമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിന് കഴിയുമെന്നും സഞ്ജയ് റൗത്ത് വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച അസദുദ്ദീന്‍ ഒവൈസി നടത്തിയ പ്രസ്താവനക്ക് മറുപടിയായാണ് സഞ്ജയ് റൗത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി നിയമവാഴ്ചയില്‍ വിശ്വസിക്കുന്നില്ലെന്നും ഏകാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്നുമായിരുന്നു ഒവൈസിയുടെ വിമര്‍ശനം. ക്ഷേത്ര നിര്‍മാണത്തിന് നിയമം നിര്‍മിക്കുന്നതില്‍ നിന്ന് ബി.ജെ.പിയെയും അവരുടെ സര്‍ക്കാരിനെയും ആരാണ് തടയുന്നത്. രാജ്യം ഏകാധിപത്യത്തിലേക്ക് പോവുന്നു എന്നതിന് കൃത്യമായ ഉദാഹരണമാണ് ഇതെന്നും ഒവൈസി പറഞ്ഞിരുന്നു.
രാമക്ഷേത്ര നിര്‍മാണത്തിന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിലൂടെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ആണ് ഈ വാക് യുദ്ധത്തിന് തുടക്കമിട്ടത്. ഇതിനുള്ള മറുപടിയായിരുന്നു ഒവൈസിയുടെ പ്രസ്താവന.
content highlights: Sanjay Raut slams Asaduddin Owaisi on Ram temple