മുംബൈ: നല്ലനടപ്പിന്റെ ആനുകൂല്യത്തില്‍ നടന്‍ സഞ്ജയ് ദത്തിന്റെ തടവുശിക്ഷ വെട്ടിക്കുറയ്ക്കാന്‍ മഹാരാഷ്ട്രസര്‍ക്കാര്‍ തീരുമാനിച്ചു. ഫിബ്രവരി 27-ന് അദ്ദേഹം ജയില്‍ മോചിതനാകും. ശിക്ഷാ കാലാവധി അവസാനിക്കാന്‍ ഏഴ് മാസം ബാക്കിയിരിക്കെയാണ് ദത്തിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1993-ലെ മുംബൈ ബോംബുസ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട് പുണെയിലെ യെര്‍വാദ ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. നേരത്തെ ടാഡ കോടതി വെറുതെ വിട്ടെങ്കിലും ദത്ത് കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2013 മാര്‍ച്ചിലാണ് അദ്ദേഹത്തെ അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചത്.
1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് മുംബൈയില്‍ കലാപമുണ്ടായി. ഈ സമയത്ത് ദത്ത് നിയമവിരുദ്ധമായി ആയുധം സൂക്ഷിച്ചെന്നാണ് കേസ്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 2013 മെയ് 16-നാണ് അദ്ദേഹം കീഴടങ്ങുന്നത്. സഞ്ജയ് ദത്ത് നേരത്തെ 18 മാസത്തോളം വിചാരണത്തടവുകാരനായിരുന്നു. ജയില്‍വാസത്തിനിടെ അദ്ദേഹം പല തവണ പരോളിലിറങ്ങിയത് വിമര്‍ശനത്തിനിടയാക്കി. എന്നാല്‍ അദ്ദേഹത്തിന് അനുകൂലമായും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. പല പ്രമുഖരും ദത്തിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുതിയ സിനിമകളുടെ ചിത്രീകരണത്തിനായി ബോളിവുഡും സഞ്ജയ് ദത്തിന്റെ മോചനം കാത്തിരിക്കുകയാണ്.
Share this Article
Related Topics