ലക്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ബിജെപി തുനിഞ്ഞിറങ്ങിയതിന്റെ ഉദ്ദേശ്യം എസ്.പി.-ബിഎസ്പി സഖ്യത്തില്‍ വിള്ളലുണ്ടാക്കുകയായിരുന്നുവെന്ന് മായാവതി. എന്നാല്‍ ഈ ബന്ധത്തില്‍ ഒരു വിള്ളലും ബിജെപിക്ക് ഉണ്ടാക്കാനാകില്ല. ബിജെപി നേതാക്കള്‍ക്ക് ഞാന്‍ ഉറക്കമില്ലാ രാത്രികള്‍ നല്‍കി കൊണ്ടേയിരിക്കുമെന്നും അവര്‍ പറഞ്ഞു.
രാജ്യസഭയില്‍ പരജായപ്പെട്ടാല്‍ മായാവതി എസ്.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് ബിജെപിക്ക് തോന്നിയിട്ടുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് എതിര്‍പാര്‍ട്ടികളെ പരാജയപ്പെടുത്തുന്നതെന്നും മായാവാതി ആരോപിച്ചു.
ഇതിനിടെ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ബിഎസ്പി എംഎല്‍എ അനില്‍ കുമാര്‍ സിങിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ബിഎസ്പി പിന്തുണക്കുമെന്ന് മായാവതി അറിയിച്ചു. വര്‍ഗീയ വാദികളെ അധികാരത്തില്‍ നിന്ന് പിഴുതെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നതിന് തങ്ങളുടെ പിന്തുണ എല്ലാഴ്‌പ്പോഴും ഉണ്ടാകും. ഫുല്‍പുര്‍, ഗോരഖ്പുര്‍ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ പരാജയം മറക്കാന്‍ ബിജെപിക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിലെ അധാര്‍മിക വിജയത്തിനാകില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ബിഎസ്പിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന സൂചന നല്‍കി എസ്പി സ്ഥാനാര്‍ഥിയുടെ രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയാഘോഷം അഖിലേഷ് യാദവ് റദ്ദാക്കി. ബി.എസ്.പി.സ്ഥാര്‍ഥി പരാജയപ്പെട്ട പശ്ചാത്തലത്തിലാണിത്.