ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയിലെ അധികാരത്തര്‍ക്കം തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക്. പാര്‍ട്ടിയിലെ ഇരുവിഭാഗവും ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഖിലേഷ് പാര്‍ട്ടി ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ അവകാശം ഉന്നയിക്കും. മുലായം സിങും അഖിലേഷിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നാണ് അറിയുന്നത്.
അതിനിടെ അഖിലേഷിന്റെ കണ്‍വെന്‍ഷന് ബദലായി മുലായം ജനുവരി അഞ്ചിന് വിളിച്ച പാര്‍ട്ടി കണ്‍വെന്‍ഷന്‍ റദ്ദാക്കിയിട്ടുണ്ട്. ശിവപാല്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്.
അഖിലേഷും മുലായവും തങ്ങളാണ് ഔദ്യോഗിക പക്ഷമെന്ന വാദമാകും കമ്മിഷന് മുന്നില്‍ ഉന്നയിക്കുക. പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ ആര്‍ക്ക് ലഭിക്കുമെന്നതാകും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.
ഔദ്യോഗിക പക്ഷമെന്ന പദവിക്കും സാധാരണക്കാരുടെ വോട്ട് സമാഹരിക്കുന്നതിനും പാര്‍ട്ടി ചിഹ്നം ലഭിക്കുക എന്നത് പ്രധാനമാണ്. എന്നാല്‍ പാര്‍ട്ടിയിലെ രണ്ടു വിഭാഗങ്ങള്‍ അവകാശവാദം ഉന്നയിച്ചാല്‍ ചിഹ്നം മരവിപ്പിക്കുകയാകും കമ്മിഷന്‍ ചെയ്യുക.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുലായം ഇന്ന് ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അധികാരത്തര്‍ക്കം സംബന്ധിച്ച് കോടതിയെ സമീപിക്കാനും അദ്ദേഹം ആലോചിക്കുന്നുണ്ട്. ഇതിനായി മുലായം ഇന്ന് നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
1 | പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വെള്ളിയാഴ്ച അഖിലേഷിനെയും രാംഗോപാല്‍ യാദവിനെയും മുലായം പുറത്താക്കുന്നു. |
2 | ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ നേടിയ അഖിലേഷിനെ പിറ്റേന്ന് തിരിച്ചെടുക്കേണ്ടിവരുന്നു. |
3 | അഖിലേഷ് യാദവ് ഞായറാഴ്ച അസാധാരണ നടപടിയിലൂടെ ദേശീയ കണ്‍വെന്‍ഷന്‍ വിളിക്കുന്നു. |
4 | കണ്‍വെന്‍ഷനില്‍ മുലായത്തെ മാറ്റി ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതായി അഖിലേഷ് പ്രഖ്യാപിച്ചു. |
5 | പാര്‍ട്ടി സ്ഥാപകനും അധ്യക്ഷനുമായ മുലായത്തെ ഉപദേഷ്ടാവാക്കി ഒതുക്കി. |
6 | മുലായം പക്ഷക്കാരനായ അമര്‍സിങിനെ പുറത്താക്കി; ശിവ്പാല്‍ യാദവിന് സംസ്ഥാന അധ്യക്ഷസ്ഥാനം നഷ്ടമായി. |
7 | അഖിലേഷിന്റെ പാര്‍ട്ടി കണ്‍വെന്‍ഷന്‍ നിയവിരുദ്ധമാണെന്ന വാദവുമായി മുലായം രംഗത്തെത്തുന്നു. ജനുവരി അഞ്ചിന് കണ്‍വെന്‍ഷന്‍ നടത്തുമെന്നും മുലായം. |
8 | കണ്‍വെന്‍ഷന് മുഖ്യ കാര്‍മികത്വം വഹിച്ച രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് വീണ്ടും പുറത്താക്കുന്നതായി മുലായം പ്രഖ്യാപിച്ചു. |
9 | 'സ്‌നേഹിക്കുന്നവരെ സംരക്ഷിക്കാന്‍ ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും. ഇന്ന് ഞാനെടുത്തത് അത്തരമൊരു തീരുമാനമാണ്' -ഞായാറാഴ്ച രാത്രി വൈകി അഖിലേഷിന്റെ ട്വീറ്റ്. |
10 | മുലായം ജനുവരി അഞ്ചിന് പ്രഖ്യാപിച്ച പാര്‍ട്ടി കണ്‍വെന്‍ഷന്‍ റദ്ദാക്കിയതായി തിങ്കളാഴ്ച രാവിലെ ശിവ്പാല്‍ ട്വീറ്റ് ചെയ്യുന്നു. |