നോയിഡ: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണി സ്വരത്തില്‍ സംസാരിച്ചതിന് സമാജ്‌വാദി പാര്‍ട്ടി വക്താവിനെ പോലീസ് തടഞ്ഞുവച്ചു. ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ പരാതിയിലാണ് അനുരാഗ് ബദൗരിയയ്ക്കെതിരായ പോലീസ് നടപടി്. അധികാരം ദുര്‍വിനിയോഗത്തിന്റെ തെളിവാണ് തടഞ്ഞുവെക്കലെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.
ഒരു ദേശീയ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് അനുരാഗ് ബദൗരിയും ഗൗരവ് ഭാട്ടിയയും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഉച്ചയ്ക്ക്ശേഷമായിരുന്നു സംഭവം. സംസാരം പരിധിവിട്ടതോടെ ബദൗരിയ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഭാട്ടിയ 100ല്‍ വിളിച്ച് പരാതി പറഞ്ഞു. സെക്ടര്‍ 20 പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ഉടന്‍ തന്നെ ചാനല്‍ ഓഫീസിലെത്തി ബദൗരിയയെ തടഞ്ഞുവച്ചു.
സംഭവത്തെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായി പോലീസുകാര്‍ പറയുന്നു. പോലീസുകാര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അഭയം തേടേണ്ട അവസ്ഥ വരെയുണ്ടായെന്നാണ് അവര്‍ പറയുന്നത്.
ചര്‍ച്ച ചൂടു പിടിച്ചതോടെ ബദൗരിയ തന്ന സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഭാട്ടിയയുടെ പരാതിയില്‍ പറയുന്നത്. മൂന്നിലധികം വകുപ്പുകള്‍ ചുമത്തിയാണ് ബദൗരിയയ്ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്നും പൂര്‍ത്തിയായശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗുണ്ടകളാണെന്നും വക്താക്കള്‍ അല്ലെന്നും ഭാട്ടിയ പിന്നീട് ട്വീറ്റ് ചെയ്തു. എന്നാല്‍, ഏകാധിപത്യത്തിന്റെയും അധികാരദുര്‍വിനിയോഗത്തിന്റെയും മികച്ച ഉദാഹരണമാണ് ബദൗരിയയ്‌ക്കെതിരായ നടപടിയെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.