രാംപുര്‍: മോഷണക്കുറ്റത്തിന് സമാജ് വാദി പാര്‍ട്ടി എംപി അസംഖാനെതിരെ കേസ് ഫയല്‍ ചെയ്തു. പോത്തിനെ മോഷ്ടിച്ചുവെന്ന പരാതിയില്‍ അസംഖാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച തള്ളിയിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച അസംഖാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പോലീസ് ഹാജരാക്കി.
അസംഖാനെ കൂടാതെ മുന്‍ സര്‍ക്കിള്‍ ഓഫീസര്‍ അലേ ഹസനും മറ്റ് നാല് പേരും പ്രതിപ്പട്ടികയിലുണ്ട്. ആസിഫ്, സക്കീര്‍ അലി എന്നിവര്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 ഒക്ടോബര്‍ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഘോസിയാന്‍ യത്തീംഖാനയ്ക്ക് സമീപം ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും പോത്തിനെ കടത്തിക്കൊണ്ടു പോവുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ 25,000 രൂപയും കവര്‍ന്നതായി പരാതിയിലുണ്ട്.
പരാതിക്കാര്‍ താമസിച്ചിരുന്ന വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലം സ്‌കൂള്‍ നിര്‍മാണത്തിന് നല്‍കിയതിനാല്‍ വീടൊഴിഞ്ഞു നല്‍കാന്‍ അസംഖാന്‍ ആവശ്യപ്പെട്ടിരുന്നതായും അതിന് വഴങ്ങാതിരുന്നതിനാലാണ് വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു.
ഭൂമിത്തട്ടിപ്പിനും അനധികൃതമായി വഖഫ് ബോര്‍ഡിന്റെ സ്വത്ത് കൈവശപ്പെടുത്തിയതിനും അസംഖാനെതിരെ കേസുകളുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹികസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തിയതിനും അസംഖാനെതിരെ അന്‍പതോളം കേസുകള്‍ നിലവിലുണ്ട്.
29 കേസുകളില്‍ ഖാന്‍ മുന്‍ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 28 കേസുകളില്‍ കര്‍ഷകരാണ് പരാതിക്കാര്‍.
Content Highlights: Samajwadi Party leader Azam Khan booked for stealing buffalo