ന്യൂഡല്‍ഹി: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(സായി) പേര് മാറ്റുമെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്. രാജ്യത്തെ പരമോനത കായിക വകുപ്പായ സായിയില്‍ നിന്ന് അതോറിറ്റി എന്ന വാക്ക് നീക്കം ചെയ്യണം. സ്പോര്‍ട്സില്‍ അതോറിറ്റി എന്ന വാക്കിന് പ്രസക്തിയില്ല. കായികം ഒരു സേവനമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ സായിയുടെ ഫണ്ടിന്റെ നല്ലൊരു ശതമാനവും കായികേതര പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റുന്നുണ്ട്. എന്നാല്‍, ഇത്തരം ജോലികള്‍ ഇനി മുതല്‍ പുറംകരാര്‍ നല്കാന് കേന്ദ്രത്തോട് നിര്‍ദേശിക്കും. സായിയുടെ ലക്ഷ്യം പൂര്‍ണമായി കായിക മേഖലയെ വളര്ത്താനായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ഒരു കായിക സംസ്കാരം സൃഷ്ടിക്കുന്നതിനും കായിക വകുപ്പ് പ്രത്യേക ബോര്‍ഡിന് രൂപം നല്‍കും. എട്ടു മുതല്‍ 18 വരെ പ്രായമുള്ള കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് ടാലന്റ് ഹണ്ടുകള്‍ സംഘടിപ്പിക്കും. ഇതിനു പുറമെ തിരഞ്ഞെടുത്ത സ്കൂളുകള്‍ക്ക് പ്രത്യേകം കായിക സൗകര്യങ്ങളും നല്‍കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കായിക താരങ്ങള്‍ക്കുള്ള തൊഴില്‍ സംവരണം നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്ക് എ ഗ്രേഡ് ജോലിക്കുള്ള സംവരണവും സര്‍ക്കാര്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.