ന്യൂഡല്‍ഹി: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ശബരിമല കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ വ്യാഴാഴ്ച സുപ്രീം കോടതി വിധി പറയും. രാവിലെ 10.30 നാണ് കോടതി വിധി പറയുക. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് വിധി വരുന്നത്.
ഇതിനു പുറമെ റഫാല്‍ യുദ്ധവിമാന ഇടപാട് കേസിലെ പുനഃപരിശോധനാ ഹര്‍ജികളിലും സുപ്രീം കോടതി നാളെ വിധി പറയും. റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പ്രസ്താവിക്കുക.
റഫാല്‍ കേസില്‍കൂടി വിധി പറയുന്നതോടെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന ഭൂരിഭാഗം കേസുകളിലും തീര്‍പ്പുണ്ടാകും. വിരമിക്കാന്‍ രണ്ടുനാള്‍ കൂടി മാത്രമാണ് ജീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുള്ളത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2006 ജൂലൈ 28 ന് തുടങ്ങിയ നിയമ നടപടികള്‍ ഏത് രീതിയിലാകും ഇനി മുന്നോട്ടുപോകുക എന്ന് തീരുമാനിക്കുന്ന വിധിയാണ് വരാനിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധി വിശാല ബെഞ്ചിന് പുനഃപരിശോധനയ്ക്ക് വിടണോ വേണ്ടയോ എന്ന കാര്യത്തിലാണ് വിധി പറയുക.
മതവിശ്വാസത്തില്‍ സ്ത്രീക്കും പുരുഷനും തുല്യമായ അവകാശമാണെന്നും സ്ത്രീകളുടെ അന്തസ്സ് ചോദ്യം ചെയ്യുന്ന ഏത് മതാചാരവും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചായിരുന്നു കേസില്‍ 2018 സെപ്റ്റംബര്‍ 28 ന് വിധി പറഞ്ഞത്.
അഞ്ചംഗ ബെഞ്ചിലെ നാല് പേര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വ്യത്യസ്ത അഭിപ്രായമാണ് പങ്കുവെച്ചത്. വിശ്വാസങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്നും അതില്‍ കോടതി ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നിരീക്ഷിച്ചിരുന്നു.
Content highlights: Sabarimala Women Entry case, Supreme court Verdict tomorrow