ശ്രീനഗര്‍: കശ്മീരിലുണ്ടായ ഭീകരാക്രമണത്തിനിടെ നിരവധി അമര്‍നാഥ് തീര്‍ഥാടകരുടെ ജീവന്‍രക്ഷിക്കാന്‍ ധൈര്യം കാട്ടിയ ബസ് ഡ്രൈവര്‍ ഷെയ്ഖ് സലീം ഗഫൂറിന് അഞ്ചുലക്ഷം രൂപ പാരിതോഷികം.
ജമ്മു കശ്മീരിര്‍ സര്‍ക്കാരും ശ്രീ അമര്‍നാഥ്ജി ഷ്രൈന് ബോര്‍ഡുമാണ് സലീം ഗഫൂറിന് പാരിതോഷികം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം സലീം ഗഫൂറിന് മൂന്നുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ശ്രീ അമര്‍നാഥ് ഷ്രൈന് ബോര്‍ഡ് ചെയര്മാന്കൂടിയായി ഗവര്‍ണര്‍ എന്‍.എന്‍ വോറ രണ്ടുലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ആക്രമണത്തിനിടെ ഭീകരര്‍ക്ക് മുന്നില്‍നിന്ന് ബസ് മുന്നോട്ടെടുത്ത് തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാന്‍ സലീം ഗഫൂര്‍ കാട്ടിയ ധൈര്യമാണ് 49 ഓളം തീര്‍ഥാടകരുടെ ജീവന് രക്ഷിച്ചത്. ഭീകരാക്രമണത്തില്‍ പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഏഴുപേരുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭീകരര്‍ രൂക്ഷമായ വെടിവെപ്പ് നടത്തുന്നതിനിടെയാണ് ബസ് സാഹസികമായി ഓടിച്ച് സലീം ഗഫൂര്‍ ആശുപത്രിയിലെത്തിച്ചത്.
അതിനിടെ, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം വീതവും നിസാര പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം വീതവും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഗവര്‍ണര്‍ അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.