പട്യാല: വോട്ടു രേഖപ്പെടുത്താന്‍ ബൂത്തിലെത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍ സിങ്ങിനെയും കുടുംബാംഗങ്ങളേയും അനുഭാവികള്‍ വരവേറ്റത് ചുവപ്പ് പരവതാനി വിരിച്ച്. എന്നാല്‍ ഈ നടപടിയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
രാവിലെ വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പരവതാനി വിരിക്കുന്നതിനെതിരെ മറ്റ് പാര്‍ട്ടിക്കാരില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പരവതാനി എടുത്തു മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് അത് വീണ്ടും വിരിക്കുകയായിരുന്നു.
അമരീന്ദറിനും കുടുംബത്തിനും നല്‍കിയ പ്രത്യേക പരിഗണനയ്‌ക്കെതിരെ മറ്റ് പാര്‍ട്ടിക്കാര്‍ പരാതിപ്പെട്ടെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ അത് നിഷേധിച്ചു. കമ്മീഷന്‍ മാനുവല്‍ അനുസരിച്ച് ബൂത്തില്‍ ചുവപ്പ് പരതതാനി കുറ്റമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നിഷേധിച്ചത്.
2015ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇലക്ഷന്‍ കമ്മീഷന്‍ കൊണ്ടുവന്ന മാതൃകാ പോളിങ് ബൂത്ത് എന്ന ആശയപ്രകാരം വേട്ടര്‍മാരെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുന്നതോ പൂക്കള്‍ നല്‍കുന്നതോ കുറ്റമല്ല. തിരഞ്ഞെടുപ്പ് ദിനം വോട്ടന്മാരെ സംബന്ധിച്ച് ഒരു പ്രത്യേക ദിനമാക്കി മാറ്റുന്നതിന്റെ ഭാഗമായതെല്ലാം ഇതിനായി ചെയ്യാവുന്നതാണ്.
കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അമരീന്ദര്‍ സിങ് പട്യാല, ലംബി എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്. ലംബിയില്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും പട്യാലയില്‍ അകാലിദള്‍ നേതാവ് ജെ.ജെ. സിങ്ങുമാണ് അമരീന്ദരിന്റെ എതിരാളികള്‍.