ജയ്പുര്‍: രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയില്‍ ജയ്പുരിലെ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥനില്‍നിന്ന് പിടികൂടിയത് ആരെയും ഞെട്ടിക്കുന്ന അനധികൃത സ്വത്ത്. 82 ഇടങ്ങളില്‍ ഭൂമി, 25 കടകള്‍, മുംബൈയില്‍ ഫ്‌ളാറ്റ്, പെട്രോള്‍ പമ്പ്, 2.3 കോടി രൂപ എന്നിങ്ങനെ കോടികളുടെ സ്വത്താണ് ഇയാളില്‍നിന്ന് കണ്ടെത്തിയത്.
കോട്ട ഡെപ്യൂട്ടി കമ്മീഷണര്‍ സഹി റാം മീണയുടെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് അമ്പരപ്പിക്കുന്ന അനധികൃത സ്വത്ത് കണ്ടെത്തിയത്. ഭൂമിയുടെയും വ്യാപാരസ്ഥാപനങ്ങളുടെയും രേഖകളും 2.26 കോടിയുടെ പണവും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. 6.22 ലക്ഷം രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ജയ്പുരിലെ സന്‍ഗനറിലുള്ള 1.2 ഹെക്ടര്‍ കൃഷിഭൂമിയുടെയും മുംബൈയിലെ ഫ്‌ളാറ്റിന്റെയും രേഖകളും ജയ്പുരിലെ ഒരു പെട്രോള്‍ പമ്പിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. മീണയെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്ന ഉദ്യോഗസ്ഥനാണ് സഹി റാം മീണയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കൈയ്യോടെ പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളുടെ വസതിയില്‍ പരിശോധന നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
Content Highlghts: recovered assets worth crores, Indian Revenue Service officer arrested, bribes
Share this Article
Related Topics