ന്യൂഡൽഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെതിരെ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന് സിപിഐ.
ആര്‍എസ്എസ് നിരയില്‍ നിന്ന് വന്ന വ്യക്തിയായതു കൊണ്ട് തന്നെ ബിജെപി തീരുമാനിച്ച എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്കെതിരെ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നാണ് സിപിഐയുടെ നിലപാട്.
'അദ്ദേഹവും ആര്‍എസ്എസ് നിരയില്‍ നിന്നുള്ളയാളാണ്. സംഘപരിവാറിന്റെ പോഷക സംഘടനയായ ദളിത് മോര്‍ച്ചയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം. തീര്‍ച്ചയായും തങ്ങള്‍ സ്ഥാനാര്‍ഥിയെ മുന്നോട്ടു വെക്കും. ആര്‍എസ്എസ്സില്‍ നിന്ന് ആര് വന്നാലും ഞങ്ങള്‍ പോരാടും', സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു.
'പ്രതിപക്ഷം സ്ഥാനാര്‍ഥിയെ മുന്നോട്ടുവെക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കും', അദ്ദേഹം പറയുന്നു.
'ആര്‍എസ്എസ്സില്‍ നിന്ന് ആരു വന്നാലും അവര്‍ രാജ്യത്തെ ഭിന്നിപ്പിക്കും. മൂന്ന് വര്‍ഷത്തെ ബിജെപി ഭരണം ഇതിനോടകം തന്നെ രാജ്യത്തെ ഭിന്നിപ്പിച്ചു കഴിഞ്ഞു. ഒരു ജനാധിപത്യ സ്ഥാനാര്‍ഥിയുടെ ആവശ്യം തീര്‍ച്ചയായും ഉണ്ട്'.
ജൂണ്‍ 20നോ 21നോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനമെന്നും സുധാകര്‍ റെഡ്ഡി അറിയിച്ചു.