ന്യൂഡൽഹി: ഷിംലയിലെ രാഷ്ട്രപതിയുടെ അവധിക്കാല വസതിയിലേക്ക് രാംനാഥ് കോവിന്ദിന് പ്രവേശനം നിഷേധിക്കപ്പെട്ടത് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപനം വരുന്നതിന് മൂന്നാഴ്ച്ച മുമ്പ്.
നിലവിലെ ബീഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് കുടുംബസമേതം രാഷ്ട്രപതിയുടെ ഹിമാചല്‍ പ്രദേശിലെ മശോബ്രാ അവധിക്കാല വസതിയില്‍ വന്നപ്പോഴാണ് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടത്.
കുടുംബത്തോടൊപ്പം മെയ് 28നാണ് കോവിന്ദ് ഷിംലയിലെത്തിയത്. ഷിംലയിലെ നിരവധി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മശോബ്ര മലനിരകളിലുള്ള അവധിക്കാല വസതിയിലെത്തിയപ്പോള്‍ നേരത്തെ അനുമതി വാങ്ങാത്തതിനാല്‍ കെട്ടിടത്തിനുള്ളിലേക്കുളള പ്രവേശനം അദ്ദേഹത്തിന് അധികൃതര്‍ നിഷേധിക്കുകയായിരുന്നു.
രാഷ്ട്രപതി ഓഫീസാണ് വസതിയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ വസതിയിലേക്ക് പ്രവേശിക്കാനാവില്ല.
'പ്രവേശനാനുമതിക്കായി രാംനാഥ് കോവിന്ദ് ആരെയും വിളിച്ചില്ല. പകരം ഷിംലയിലുള്ള ഗവര്‍ണറുടെ വസതിയിലേക്ക് അദ്ദേഹം മടങ്ങുകയായിരുന്നു. രാജ്ഭവനിലേക്കുള്ള അദ്ദേഹത്തിന്റെ മടക്കയാത്രയ്ക്കിടെയാണ് ഇക്കാര്യം അറിയുന്നത്', ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവ്‌റാത്തിന്റെ ഉപദേശകന്‍ അറിയിച്ചു.
വര്‍ഷത്തില്‍ കുറച്ച് സമയം രാഷ്ട്രപതി ഭവനില്‍ നിന്ന് മാറി രാഷ്ട്രപതി ഷിംലയിലെ അവധിക്കാല വസതിയില്‍ വന്ന് താമസിക്കുന്നത് കാലങ്ങളായുള്ള കീഴ് വഴക്കമാണ്.വേനല്‍ക്കാലത്ത് ഷിംലയിലെ വസതിയിലേക്കും ശൈത്യകാലത്ത് ഹൈദരാബാദിലെ വസതിയിലേക്ക് പോകുന്നതും പതിവാണ്.