ന്യൂഡല്‍ഹി: ബീഹാര്‍ ഗവര്‍ണ്ണറും ബിജെപിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എൻഡിഎ തീരുമാനിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.രണ്ട് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാര്‍ഥിയുടെ പേര് തീരുമാനിച്ചത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളുമായി അഭിപ്രായ ഐക്യത്തിനുള്ള സാധ്യത ആരായുന്നതിനായി മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന ഒരു പാനല്‍ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുമായി പാനല്‍ അംഗങ്ങളായ രാജ്നാഥ് സിങ്, അരുണ്‍ ജയ്റ്റ്ലി, എം വെങ്കയ്യ നായിഡു എന്നിവര്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ് വിലയിരുത്തല്‍ നടത്തിയ ശേഷമാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയാണ് രാംനാഥ് കോവിന്ദ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബീഹാര്‍ ഗവര്‍ണ്ണറാണിദ്ദേഹം. ജൂണ്‍ 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
സമവായത്തിനുള്ള സാധ്യതയാണ് ബിജെപി ആരായുന്നത്. ഇതിന്റെ ഭാഗമായാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ളതും രാഷ്ട്രീയ ബന്ധവുമുള്ള ഒരാളെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍.
സുമിത്ര മഹാജൻ,സുഷമ സ്വരാജ്, ദ്രൗപതി മുർമു എന്നിവരുടെ പേരുകളായിരുന്നു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ആദ്യം ഉയർന്നു കേട്ടത്.
1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജനിച്ച കോവിന്ദ് കാണ്‍പുര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബികോം, എല്‍.എല്‍.ബി ബിരുദങ്ങളെടുത്തു. 1994 ലും 2000 ലും ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭയിലെത്തി. അഭിഭാഷകനായിരുന്ന അദ്ദേഹം ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്.