ന്യൂഡല്‍ഹി: വിവാദങ്ങളില്‍ വീഴാത്ത, മികച്ച പ്രതിഛായയുള്ള ദളിത് നേതാവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച് പ്രതിപക്ഷത്തെ വെട്ടിലാക്കിയ ബിജെപി തന്ത്രത്തിനിടയിലും രാംനാഥ് കോവിന്ദിന്റെ പഴയ പ്രസ്താവനകള്‍ തിരഞ്ഞെടുത്ത് വിവാദങ്ങള്‍ മെനയുന്ന തിരക്കിലാണ് ദേശീയ മാധ്യമങ്ങള്‍. രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ആളാണോ വിവാദം ഉറപ്പാണ്. രാംനാഥ് കോവിന്ദിനും പഴയ പ്രസ്താവനകളില്‍ നിന്ന് ഒഴിയാനാകില്ല. 2010 ല്‍ മതന്യൂനപക്ഷ ദളിത് സംവരണത്തെ എതിര്‍ത്തുകൊണ്ട് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോള്‍ ദേശീയമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ജോലികളില്‍ 15 ശതമാനം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി നീക്കിവെക്കാന്‍ രംഗനാഥ് മിശ്ര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ദളിത് ക്രിസ്ത്യാനകിളേയും ദളിത് മുസ്‌ലിങ്ങളേയും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള കമ്മീഷന്‍ ശുപാര്‍ശയെ അദ്ദേഹം എതിര്‍ത്തു. ഇത് നിയമവിരുദ്ധമാണ്. ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും സംവരണം നല്‍കിയാല്‍ അവര്‍ പട്ടികജാതി സംവരണ സീറ്റുകളില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകും, പട്ടികജാതിക്കാര്‍ക്കായി നീക്കിവെച്ചിട്ടുള്ള സീറ്റുകള്‍ ഇങ്ങനെ മതം മാറിയ ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി പങ്കിടേണ്ട സാഹചര്യമുണ്ടാകും. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
2010 ല്‍ സിഖ് ദളിതുകള്‍ക്ക് സംവരണ പദവിയുണ്ടായിരുന്നെങ്കിലും മുസ്ലിം/ക്രിസ്ത്യന്‍ ദളിതര്‍ക്ക് അങ്ങനെയല്ലെല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇസ്ലാമും ക്രിസ്തുമതവും രാഷ്ട്രത്തിന് അന്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഇസ്ലാമും ക്രിസ്തുമതവും രാഷ്ട്രത്തിന് അന്യരാണ്. ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്പത്തിക സാഹചര്യം എത്ര മോശമായിരുന്നാലും അവര്‍ക്ക് ഉദ്യോഗങ്ങളിലോ തെരഞ്ഞെടുപ്പുകളിലോ വിദ്യാഭ്യാസത്തിനോ യാതൊരു സംവരണവും കൊടുക്കരുത്.'-ഇതായിരുന്നു കോവിന്ദിന്റെ വാക്കുകള്‍.
പട്ടികജാതിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മതപരിവര്‍ത്തനം നടത്തിയ ദളിതരുടേയും മുസ്ലിങ്ങളുടേയും വിദ്യാഭ്യാസ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ താഴെ തട്ടിലാണ്. ഇതുമൂലം പരിവര്‍ത്തനം ചെയ്യപ്പെട്ട കുട്ടികള്‍ സംവരണം ചെയ്യപ്പെട്ട സര്‍ക്കാര്‍ ജോലി ഭൂരിഭാഗവും നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇത് അനുവദിച്ചാല്‍ മതപരിവര്‍ത്തനം വ്യാപകമാകുമെന്നും അത് ഭാരതീയ പൈതൃകത്തെ തകര്‍ക്കുന്നതിന് തുല്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍
മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം 1936 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ നിരാകരിച്ചതാണ്. ബി.ആര്‍ അംബേദ്കറും ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ പട്ടേലും സി രാജഗോപാലാചാരിയും ഈ ആവശ്യം നിരാകരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1996 ല്‍ നരസിംഹറാവു സര്‍ക്കാര്‍ ക്രിസ്ത്യന്‍, മുസ്ലിം ദളിതരെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ അതില്‍ ഒപ്പുവെക്കാന്‍ തയാറായില്ലെന്നും കോവിന്ദ് അന്ന് പറഞ്ഞു. ബിജെപി വക്താവായിരിക്കെ 2010 മാര്‍ച്ച് 26 നായിരുന്നു സംവരണത്തെ എതിര്‍ത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ വിമര്‍ശനങ്ങള്‍.
ദളിത് വിഷയങ്ങളില്‍ ആര്‍എസ്എസിന്റ ഉപദേശകരില്‍ ഒരാളാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയും ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണറുമായ രാംനാഥ് കോവിന്ദ്.