ന്യൂഡല്‍ഹി: രാഷ്ട്രീയ അന്തരീക്ഷത്തില്‍ പറഞ്ഞുകേട്ട പേരുകളെല്ലാം വെട്ടി നിരീക്ഷകരേയും അമ്പരിപ്പിച്ചു കൊണ്ട് ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതിലൂടെ മോദി-ഷാ കൂട്ടുകെട്ട് വീണ്ടും ഏവരേയും ഞെട്ടിച്ചു. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, തവര്‍ചന്ദ് ഗെഹ്‌ലോട്ട്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നീ പേരുകളെല്ലാം മറികടന്നാണ് മോദി കോവിന്ദിലേക്ക് എത്തിയത്. പ്രധാനമായും നാലുകാരണങ്ങളാണ് രാംനാഥ് കോവിന്ദിന്റെ തിരഞ്ഞെടുപ്പിന് പിന്നില്‍.
ദളിത് അജണ്ട
ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ ആയുധമാക്കി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയുടെ ദളിത് മുഖത്തെ തന്നെ രാഷ്ട്രപതിയാക്കി പ്രതിപക്ഷത്തെ നിരായുധരാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതോടൊപ്പം ദളിത് സമൂഹത്തെ ഒപ്പം കൂട്ടാമെന്നും അവര്‍ കരുതുന്നു. രാജ്യത്തെ പ്രഥമ പൗരനായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്ന് ഒരാളെ തിരഞ്ഞെടുത്തത് ഉയര്‍ത്തിക്കാട്ടാനും ബിജെപിക്ക് കഴിയും.
മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്താം
ഒരു ദളിത് നേതാവിനെ മുന്‍നിര്‍ത്തുക വഴി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് വേണ്ടിയുള്ള സമ്മര്‍ദം തടയാന്‍ കഴിയും. മോദി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം പോലും നല്‍കാതെ മാറ്റിനിര്‍ത്തിയിരുന്ന ഘട്ടത്തില്‍ ഇവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന ശ്രുതിയുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടിയുള്ള വാദങ്ങളുടെ മുനയൊടിക്കുന്നതുമായി ഈ ദളിത് കാര്‍ഡ്.
വെട്ടിലായി പ്രതിപക്ഷം
എന്‍ഡിഎയുടെ എം.പിമാരുടെയും എം.എല്‍.എമാരുടെയും അംഗബലം കൊണ്ട് തന്നെ ഏതാണ്ട് വിജയത്തിന് അടുത്തെത്താമെങ്കിലും പ്രതിപക്ഷത്തെ ചില കക്ഷികളുടെ പിന്തുണ കൂടി വിജയം ഉറപ്പിക്കാന്‍ ആവശ്യമാണ്. പ്രത്യേകിച്ച് ശിവസേനയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ ഐക്യത്തിനുള്ള വേദിയാക്കി മാറ്റാനുള്ള നീക്കങ്ങളെ മുളയിലെ നുള്ളാനും മോദി ഇതുവഴി ലക്ഷ്യമിടുന്നു.
ടിആര്‍എസും, വൈഎസ്ആര്‍ കോണ്‍ഗ്രസും, ബിജെഡിയും ഇതിനോടകം രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. ദളിത് കാര്‍ഡ് ബിജെപി പ്രയോഗിക്കുമ്പോള്‍ ദളിത് പാര്‍ട്ടിയായി നിലകൊള്ളുന്ന ബിഎസ്പിയെ അത് സമ്മര്‍ദത്തിലാക്കും. ബിഹാര്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഗവര്‍ണറുമായി മികച്ച ബന്ധം പുലര്‍ത്തുന്ന നിതീഷ്‌കുമാറിനും ഇത് സമ്മര്‍ദമുണ്ടാക്കുന്നുണ്ട്.
ഉന്നം യു.പി തന്നെ
ജനസംഖ്യ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയില്‍ നിന്നൊരാളെ തന്നെ തിരഞ്ഞെടുക്കുക വഴി യു.പി തങ്ങളുടെ മുഖ്യലക്ഷ്യം തന്നെയാണെന്ന് ബിജെപി വീണ്ടും ആവര്‍ത്തിക്കുകയാണ്. 80 ലോക്‌സഭാ സീറ്റുകളില്‍ 73 ും പാര്‍ട്ടിക്ക് നല്‍കിയ സംസ്ഥാനമാണ് യു.പി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നല്‍കുന്നതില്‍ യുപി ഫലം നിര്‍ണായകമായിരുന്നു.
രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യു.പിയില്‍ നിന്ന് തന്നെയാകും രാജ്യത്തെ പ്രധാന രണ്ട് അധികാരകേന്ദ്രവും. രാംനാഥ് കോവിന്ദ് യുപിയിലെ കാണ്‍പൂര്‍ സ്വദേശിയാണെങ്കില്‍ യുപിയിലെ വരാണസി മണ്ഡലത്തെയാണ് പ്രധാനമന്ത്രി മോദി പ്രതിനിധീകരിക്കുന്നത്.
യു.പിയില്‍ നിന്ന് രാഷ്ട്രപതി പദവിയിലെത്തുന്ന ആദ്യ വ്യക്തികൂടിയാകും തിരഞ്ഞെടുക്കപ്പെട്ടാല്‍ രാംനാഥ് കോവിന്ദ്