ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ലോക്ജനശക്തി പാര്‍ട്ടി നേതാവ് റാം വിലാസ് പസ്വാനും മകന്‍ ചിരാഗ് പസ്വാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തി. ഇരുപാര്‍ട്ടികളും തമ്മിലുള്ള അസ്വാരസ്യങ്ങളെപ്പറ്റി അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് നേതാക്കളുടെ കൂടിക്കാഴ്ച്ച.
സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് എന്‍ഡിഎ വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആല്‍എല്‍എസ്പി യുപിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. മെയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപിയോടുള്ള അതൃപ്തി എല്‍ജെപി രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത് റാം വിലാസ് പസ്വാന്‍ പിന്നീട് നിഷേധിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ചല്ല രാജ്യസഭാ സീറ്റ് ധാരണ സംബന്ധിച്ചാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ആശയക്കുഴപ്പമെന്നാണ് അഭ്യൂഹം. എല്‍ജെപിക്ക് ഒരു രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ബിജെപി മാസങ്ങള്‍ക്ക് മുമ്പേ ഉറപ്പ് നല്‍കിയിരുന്നു. പസ്വാന്‍ രാജ്യസഭയിലേക്ക് എത്തുമെന്നും അഭ്യൂഹങ്ങള്‍ പരന്നു.
ഉപേന്ദ്ര കുശ്വാഹ എന്‍ഡിഎ വിട്ട് പുറത്തു പോയതോടെ കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ നല്‍കാമെന്ന് ബിജെപി എല്‍ജെപിയെ അറിയിച്ചിരുന്നു. പക്ഷേ, അപ്പോള്‍ രാജ്യസഭാ സീറ്റിനെക്കുറിച്ച് ഒന്നും തന്നെ ബിജെപി പറഞ്ഞില്ല. അതാണ് പസ്വാനെയും മകനെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നതെന്നാണ് വിവരം.
Content Highlights: Chirag Paswan, Ram Vilas Paswan, BJP, LJP
Share this Article
Related Topics