പാട്‌ന: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനെതിരേ മകള്‍ ആശ പാസ്വാന്റെ പ്രതിഷേധസമരം. ആര്‍.ജെ.ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റിദേവിയെ അധിക്ഷേപിച്ച രാംവിലാസ് പാസ്വാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മകള്‍ ആശ പാസ്വാന്‍ എല്‍.ജെ.പി. ആസ്ഥാനത്തിന് മുന്നില്‍ സമരം തുടങ്ങിയിരിക്കുന്നത്.
വിദ്യാഭ്യാസമില്ലാത്ത ആരെങ്കിലും ഇക്കാലത്ത് മുഖ്യമന്ത്രിയായിട്ടുണ്ടോ എന്ന രാംവിലാസ് പാസ്വാന്റെ പരാമര്‍ശമാണ് ബിഹാറില്‍ വന്‍പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം റാബ്‌റിദേവിയെ അധിക്ഷേപിച്ചുള്ളതാണെന്നാണ് ആര്‍.ജെ.ഡി പ്രവര്‍ത്തകരുടെ ആരോപണം. ഇതോടെയാണ് ആശ പാസ്വാനും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
രാംവിലാസ് പാസ്വാന്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആശ പാസ്വാന്റെ ആവശ്യം. കേന്ദ്രമന്ത്രിയായ അദ്ദേഹം എല്ലാ സ്ത്രീകളെയും ബഹുമാനിക്കാന്‍ പഠിക്കണമെന്നും ആശ പറയുന്നു. രാംവിലാസ് പാസ്വാന്‍ വിവാദപരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാതെ സമരം പിന്‍വലിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ആദ്യവിവാഹ ബന്ധത്തിലുള്ള മകളാണ് ആശ പാസ്വാന്‍. 1981-ല്‍ അദ്ദേഹം ആദ്യഭാര്യയായ രാജ്കുമാരി ദേവിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് നിലവിലെ ഭാര്യയായ റീന പാസ്വാനെ വിവാഹം ചെയ്തത്. ആര്‍.ജെ.ഡി നേതാവായ അനില്‍ സാധുവിന്റെ ഭാര്യയായ ആശ പാസ്വാന്‍ പാര്‍ട്ടിപ്രവര്‍ത്തനത്തിലും സജീവമാണ്.
Content Highlights: ram vilas paswan's daughter asha paswan's protest against her father
Share this Article