ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായ സിയാച്ചിനില്‍ സന്ദര്‍ശനം നടത്തി. പ്രതിരോധ മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം രാജ്‌നാഥ് സിങ് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. സിയാച്ചിനിലെ സൈനിക ക്യാമ്പില്‍ സൈനികരോടൊപ്പം ജിലേബി കഴിച്ച് സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.
മൈനസ് 60 ഡിഗ്രി വരെ താപനില താഴാറുള്ള സിയാച്ചിനില്‍ വെള്ള നിറത്തിലുള്ള ജാക്കറ്റ് ധരിച്ചാണ് രാജ്‌നാഥ് സിങ് സിയാച്ചിനിലെത്തിയത്.
'മാതൃരാജ്യത്തെ സംരക്ഷിക്കാനായി സിയാച്ചിനില്‍ സേവനം നടത്തുന്ന സൈനികരെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. രാജ്യത്തെ സേവിക്കാനായി സ്വന്തം മക്കളെ സൈന്യത്തില്‍ ചേര്‍ക്കുന്ന രക്ഷിതാക്കളെ കുറിച്ച് ഓര്‍ത്തും ഞാന്‍ അഭിമാനിക്കുന്നു. അവര്‍ക്ക് വ്യക്തിപരമായി ഞാന്‍ നന്ദി കുറിപ്പുകള്‍ നല്‍കും'- രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.
സിയാച്ചിനില്‍ സേവനമനുഷ്ടിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ സൈനികരുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 1100 ല്‍ കൂടുതല്‍ സൈനികരാണ് ഇത്തരത്തില്‍ മരണപ്പെട്ടിട്ടുള്ളത്. അവരുടെ സേവനത്തിനും ത്യാഗത്തിനും രാഷ്ട്രം അവരോട് കടപ്പെട്ടിരിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ രാജ്‌നാഥ് സിങിനെ അനുഗമിച്ചു. സൈനിക ക്യാമ്പിലെ പതിവ് പ്രവര്‍ത്തനങ്ങള്‍ സൈനികര്‍ രാജ്‌നാഥ് സിങിന് വിവരിച്ചുകൊടുത്തു. ഇന്ന് വൈകിട്ട് ശ്രീനഗറിലെ സൈനികരെയും രാജ്‌നാഥ് സിങ് കാണുന്നുണ്ട്.
content highlights: Defence Minister Rajnath Singh, Siachen, Indian Army