ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസില്‍ പറന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചരിത്രം സൃഷ്ടിച്ചു. അത്തരത്തിലുള്ള വിമാനത്തിൽ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയാവുകയായിരുന്നു അദ്ദേഹം.
ജി സ്യൂട്ടണിഞ്ഞ് യാത്രയ്ക്ക് തയ്യാറാവുന്ന ചിത്രം ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് പറഞ്ഞ് രാജ്‌നാഥ് സിങ് രാവിലെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു. വെളുത്ത ഹെല്‍മറ്റും ഓക്‌സിജന്‍ മാസ്‌കും ധരിച്ച് നിര്‍ദേശങ്ങള്‍ ശ്രവിച്ച് പൈലറ്റിന്റെ പിറകിലായി ഇരിക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ടായിരുന്നു.
"ബെംഗളൂരുവിലെ എച്ച്എഎല്‍ എയര്‍പോട്ടില്‍ നിന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് എന്ന ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റില്‍ പറന്നത് വ്യത്യസ്തമായ അനുഭവമായിരുന്നു", എന്ന് സുരക്ഷിതമായി തിരിച്ചെത്തിയ ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്.എ. എല്‍.) നിര്‍മിച്ച തേജസ് യുദ്ധവിമാനം 33 വര്‍ഷത്തെ നിര്‍മാണ, പരീക്ഷണ കടമ്പകള്‍ കടന്നാണ് സേനയുടെ ഭാഗമായത്. 1985-ലാണ് തേജസ് ലഘു യുദ്ധവിമാനത്തിനുള്ള പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. 1994-ല്‍ സേനയുടെ ഭാഗമാക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഇത് പലകാരണങ്ങളാല്‍ നീണ്ടുപോയി.
ഗോവയിലെ ഐ.എന്‍.എസ്. ഹന്‍സയില്‍വെച്ച് തേജസ് വിമാനത്തിന്റെ അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ലാന്‍ഡിങിന് തൊട്ടുപിന്നാലെ വിമാനം പിടിച്ചുനിര്‍ത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാന്‍ഡിങ്. വിമാനം പറന്നിറങ്ങുന്ന വേളയില്‍ ശക്തമായ വടങ്ങള്‍ വിമാനത്തില്‍ കുടുക്കുകയും ഇതുപയോഗിച്ച് വിമാനത്തെ പെട്ടെന്ന് തന്നെ പിടിച്ചുനിര്‍ത്തുകയും ചെയ്യും. വിമാനവാഹിനി കപ്പലുകളിലെ ലാന്‍ഡിങിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.
യു.എസ്.എ, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്.
content highlights: Rajnath Singh becomes the first defence minister to fly in Fighter Jet Tejas