ന്യൂഡല്‍ഹി: വ്യാഴാഴ്ച രാവിലെ പുറത്തിറക്കിയ പട്ടികയിൽ കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ഉപസമിതികളിൽനിന്ന് ഒഴിവാക്കപ്പെട്ട പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ, പിന്നീട് രാത്രിയോടെ കൂടുതൽ സമിതികളിൽ ഉൾപ്പെടുത്തി. പാർട്ടിയധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രിസഭയിലെ രണ്ടാമത്തെ അധികാരകേന്ദ്രമാക്കുന്നതാണ് പുനഃസംഘടനയെന്ന് വിമർശനമുയർന്നതോടെയാണ് രാത്രി സമിതികൾ വീണ്ടും അഴിച്ചുപണിതത്.
രാജ്നാഥ് സിങ്ങിനെ ആദ്യം സുരക്ഷ, സാമ്പത്തികകാര്യ സമിതികളിൽ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. രാവിലെ പുറത്തിറക്കിയ പട്ടികയിൽ സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയിൽപ്പോലും മുൻ പാർട്ടിയധ്യക്ഷൻകൂടിയായ രാജ്നാഥിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, രാത്രി അദ്ദേഹത്തെ ആറു സമിതികളിൽ അംഗമാക്കി. പാർലമെന്ററികാര്യം, രാഷ്ട്രീയകാര്യം, നിക്ഷേപം, തൊഴിൽ-നൈപുണ്യ വികസനം എന്നീ സമിതികളിലാണ് രാത്രി ഉൾപ്പെടുത്തിയത്. ഒരു സമിതിയുടെ അധ്യക്ഷനുമാക്കി.
രാജ്നാഥ് സിങ് രാജിസന്നദ്ധ അറിയിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും പിന്നീട് പാർട്ടി അത് തള്ളി.
പ്രതിരോധമന്ത്രിയും രാഷ്ട്രീയകാര്യസമിതിയില്‍ അംഗമാവുകയാണ് കീഴ് വഴക്കം. മന്ത്രിമാരുടെ പട്ടികയിൽ പ്രധാനമന്ത്രിക്കുശേഷം രണ്ടാമനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണുള്ളതെങ്കിലും സർക്കാരിലെ യഥാർഥ രണ്ടാമൻ ഷായാണെന്ന് വ്യക്തമാക്കുന്നവിധത്തിലായിരുന്നു സമിതികളുടെ ഘടന. ഷായ്ക്ക് കേന്ദ്രമന്ത്രിസഭയുടെ എട്ട് ഉപസമിതികളിൽ അംഗത്വവും അതിൽ രണ്ടെണ്ണത്തിൽ അധ്യക്ഷസ്ഥാനവുമുണ്ട്.
Content Highlights: Rajnath Singh added to key cabinet committees