ന്യൂഡല്‍ഹി: റെയില്‍വെക്ക് മാത്രമായുള്ള പ്രത്യേക ബജറ്റ് ഇനിയുണ്ടാവില്ലെന്ന് സൂചന. റെയില്‍വെ ബജറ്റ് ഒഴിവാക്കി പൊതുബജറ്റില്‍ അതുകൂടി ചേര്‍ത്താല്‍ മതിയെന്ന് ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. റെയില്‍വെ ബജറ്റ് എന്ന രീതി നിര്‍ത്തലാക്കിയാല്‍ രാജ്യത്ത് 92 വര്‍ഷമായി തുടരുന്ന പതിവിനും അവസാനമാകും.
നീതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണ് റെയില്‍വെ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കിയാല്‍ മതിയെന്ന ശുപാര്‍ശ പ്രധാനമന്ത്രിക്ക് ആദ്യം നല്‍കിയത്. 1924-25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വെ ബജറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
സാമ്പത്തിക നഷ്ടത്തിലേക്ക് വീണതോടെയാണ് റെയില്‍വെക്ക് മാത്രമായി പ്രത്യേക ബജറ്റ് ഇനി ആവശ്യമില്ല എന്ന നിഗമനത്തിലേക്ക് ഭരണതലപ്പത്തുള്ളവര്‍ എത്തിയത്. ഇപ്പോഴത്തെ പ്രതിസന്ധി തുടര്‍ന്നാല്‍ ഭാവിയില്‍ ശമ്പളമോ പെന്‍ഷനോ പോലും നല്‍കാന്‍ റെയില്‍വെക്ക് കഴിയാതെ വരുമെന്ന് മുതിര്‍ന്ന മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ തൊഴിലാളി യൂണിയനുകളും ഈ നിലപാടിന് അനുകൂലമാണ്.
സുരേഷ് പ്രഭുവിന്റെ കത്തിന് ധനകാര്യമന്ത്രിയില്‍ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ജൂണിലാണ് അദ്ദേഹം കത്തയച്ചത്
Share this Article
Related Topics