ഗബ്ബര്‍ സിങ് ടാക്‌സ്, വികസനത്തിന് വട്ടായി പ്രയോഗങ്ങള്‍ കേംബ്രിജ് അനലറ്റിക്കയുടെത് രവിശങ്കര്‍ പ്രസാദ്


രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കേംബ്രിജ് അനലറ്റിക്കയുമായുള്ള ബന്ധം അഞ്ച് മാസം മുമ്പ് പുറത്തുവന്നതാണെന്നും മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയെ പരിഹസിച്ച് രാഹുല്‍ നടത്തിയ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന പ്രയോഗവും ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ ആയുധമാക്കിയ വികസനത്തിന് വട്ടായി എന്ന ക്യാംപയിനും കേബ്രിജ് അനലറ്റിക്കയുടെ സൃഷ്ടികളാണെന്ന് കേന്ദ്ര ഐ.ടി., നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌ ആരോപിച്ചു.

രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കേംബ്രിജ് അനലറ്റിക്കയുമായുള്ള ബന്ധം അഞ്ച് മാസം മുമ്പ് പുറത്തുവന്നതാണെന്നും മന്ത്രി ആരോപിച്ചു.

എന്നാല്‍, വിവരങ്ങള്‍ ചോര്‍ന്നത് ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ഇറാഖില്‍ 39 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഒരു കേന്ദ്രമന്ത്രി ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫേസ്ബുക്കിന്റെ സഹായത്തോടെ ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ അപഹരിച്ചെന്നായിരുന്നു കേംബ്രിജ് അനലറ്റിക്കയ്‌ക്കെതിരേ ഉയര്‍ന്ന് പരാതി.

2010ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത് ഉപയോഗിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍, ഏത് പാര്‍ട്ടിയാണ് ഇത് കേംബ്രിജ് അനലിറ്റക്കയുടെ സാഹയം തേടിയതെന്ന് വ്യക്തമല്ല.

Content Highlights: Rahul Gandhi, Congress, Ravishankar Prasad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram