കോലാര്‍ (കര്‍ണാടകം): ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സൈക്കിള്‍ ചവിട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രതിഷേധം. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ സൈക്കിള്‍ ചവിട്ടി പ്രതിഷേധം രേഖപ്പെടുത്തിയത്. ജനക്കൂട്ടത്തിന് നടുവിലൂടെ സൈക്കിള്‍ ചവിട്ടിയ രാഹുലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എസ്.പി.ജി അംഗങ്ങള്‍ ബുദ്ധിമുട്ടി.
കാളവണ്ടിയില്‍ കയറിനിന്നാണ് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്തത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ നേട്ടം രാജ്യത്തെ ജനങ്ങള്‍ക്ക് കൈമാറുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. 2014 മുതല്‍ ബി.ജെ.പി സര്‍ക്കാര്‍ പത്ത് ലക്ഷം കോടി രൂപയാണ് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി നികുതിയിനത്തില്‍ ജനങ്ങളില്‍നിന്ന് ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത് രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ധന വിലയുടെ കാര്യത്തില്‍ ആശ്വാസത്തിന് വകയുണ്ടാവില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മറ്റൊരിടത്ത് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയെ മൊബൈല്‍ ഫോണുമായി താരതമ്യംചെയ്ത് രാഹുല്‍ പരിഹസിക്കുകയും ചെയ്തു. സ്പീക്കര്‍ മോഡും എയര്‍പ്ലെയിന്‍ മോഡും മാത്രമാണ് പ്രധാനമന്ത്രി മോദി ഉപയോഗിക്കുന്നതെന്ന് രാഹുല്‍ പരിഹസിച്ചു.
നേരത്തെ ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇന്ധന വിലവര്‍ധനയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇന്ധന വിലവര്‍ധന രാജ്യത്തെ സ്ഥിതിഗതികള്‍ വഷളാക്കിയെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേട് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
#WATCH Congress President Rahul Gandhi campaigns on a bicycle in Karnataka's Kolar. #KarnatakaElections2018pic.twitter.com/8ayz4hN0Cm
— ANI (@ANI) May 7, 2018
Content Highlights: Rahul Gandhi, Karnataka, Fuel Price