ലഖ്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയ്ക്ക് മുന്നോടിയായി അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയത് ഗംഗാ-യമുനാ സംഗമം പോലെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസും എസ്പിയും തമ്മില്‍ പല കാര്യങ്ങളില്‍ യോജിപ്പും എതിര്‍പ്പും ഉണ്ടെന്നും യോജിപ്പുകളില്‍ ഊന്നിയാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വ്യക്തമാക്കി.
അഖിലേഷിന്റെയും തന്റെയും വ്യക്തിപരവും രാഷ്ട്രീയവുമായ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതാണ് സഖ്യം. മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപി നയത്തിന് എതിരെയാണ് സഖ്യമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അഖിലേഷ് യാദവ് പറഞ്ഞു. എസ്പി-കോണ്‍ഗ്രസ് സഖ്യം സംസ്ഥാനത്ത് വന്‍ വിജയം നേടുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics