ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരമന്‍.
ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 'ബജാജ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായ്‌പ്പോഴും ഉത്തരം തേടുന്നതാണ് മികച്ച മാര്‍ഗ്ഗം, അത് ഏറ്റുപിടിക്കുന്നത് ദേശീയ താത്പര്യത്തെ ദോഷകരമായി ബാധിക്കും'- നിര്‍മല ട്വിറ്റിറില്‍ കുറിച്ചു.
രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്കു പേടിയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുഖത്തുനോക്കി വ്യവസായപ്രമുഖന്‍ രാഹുല്‍ ബജാജ് തുറന്നടിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് മുംബൈയില്‍ 'ഇക്കണോമിക് ടൈംസ്' ദിനപത്രം നടത്തിയ അവാര്‍ഡുദാനച്ചടങ്ങിലാണ് വ്യവസായ ലോകത്തുനിന്ന് അത്യപൂര്‍വമായി മാത്രമുയരുന്ന വിമര്‍ശനത്തിന്റെ സ്വരത്തില്‍ ബജാജ് ഗ്രൂപ്പ് തലവന്‍ സംസാരിച്ചത്. ധനമന്ത്രി നിര്‍മലാ സീതാരാമനും ഈ സമയം വേദിയിലുണ്ടായിരുന്നു.
രാഹുല്‍ ബജാജിന്റെ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ വേദിയില്‍ വെച്ച് മറുപടി പറഞ്ഞെങ്കിലും രാജ്യത്ത് ഇത് വലിയ പ്രചാരം നേടിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതോടെ രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. പാര്‍ലമെന്റ് സീറ്റിനായി സര്‍ട്ടിഫിക്കറ്റ് നേടാനുള്ള വഴിയാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനമെന്ന് ബിജെപി വക്താക്കള്‍ ആരോപിച്ചു.
Content Highlights: Rahul Bajaj criticism can hurt national interest: FM Nirmala Sitharaman