റഫാല്‍ കരാറിന് പിന്നാലെ അംബാനിയുടെ കമ്പനിക്ക്‌ ഫ്രാന്‍സ് 14.37 കോടി യൂറോ നികുതിയിളവ് നല്‍കി


കോടികളുടെ നികുതി വെട്ടിപ്പിന് അനില്‍ അംബാനിയുടെ കമ്പനി ഫ്രാന്‍സില്‍ അന്വേഷണം നേരിടുന്ന സമയത്താണ് റഫാല്‍ ഇടപാട് നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 1034 കോടി രൂപ) നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചതെന്ന് ഫ്രഞ്ച് പത്രം 'ലെ മോണ്‍ഡേ' റിപ്പോര്‍ട്ട് ചെയ്യുന്നു.

2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് റിലയന്‍സിന്റെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്' എന്ന പേരിലുള്ള കമ്പനി.

15.1 കോടി യൂറോയാണ് നികുതി ഇനത്തില്‍ ഈ കമ്പനി നല്‍കാനുണ്ടായിരുന്നത്. നികുതി വെട്ടിപ്പിന് അനില്‍ അംബാനിയുടെ കമ്പനി ഫ്രാന്‍സില്‍ അന്വേഷണം നേരിടുന്ന സമയത്താണ് റഫാല്‍ ഇടപാട് നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 14.37 കോടി യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്.

ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 73 ലക്ഷം യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ അവസരം നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

അനില്‍ അംബാനിയുടെ കമ്പനിയെ റഫാല്‍ ഇടപാടില്‍ പങ്കാളിയാക്കിയത്‌ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. റഫാല്‍ ഇടപാടിന്റെ ഭാഗമായി ഫ്രാന്‍സിന് ലഭിക്കേണ്ട 14.37 കോടി യൂറോ നഷ്ടപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് ഫ്രാന്‍സിലും വലിയ ചര്‍ച്ചകള്‍ക്ക് ഇടായാക്കിയിട്ടുണ്ട്.

Content Highlights: rafale deal, Reliance, tax evasion, france, anil ambani

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram