പുതുച്ചേരി: തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ കൈകാണിച്ചയാളെ കണ്ട് യാത്രക്കാര്‍ അമ്പരന്നു.പോലീസ് കൈകാണിച്ചാല്‍ പോലും നിര്‍ത്താതിരുന്ന പലരും വാഹനങ്ങള്‍ നിര്‍ത്തി. അവര്‍ നല്‍കിയ ഉപദേശങ്ങള്‍ സ്വീകരിച്ചു. ഹെല്‍മെറ്റില്ലാതെ യാത്രചെയ്യില്ലെന്ന് ഉറപ്പുംനല്‍കി. പുതുച്ചേരിയിലെ തിരക്കേറിയ റോഡിലായിരുന്നു കഴിഞ്ഞദിവസം വ്യത്യസ്തമായ ട്രാഫിക് ബോധവത്കരണം നടന്നത്. പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ബേദിയാണ് നേരിട്ട് റോഡിലിറങ്ങി യാത്രക്കാര്‍ക്ക് ബോധവത്കരണം നല്‍കിയത്. ഇതിനുശേഷം താന്‍ നടത്തിയ പരിശോധനയുടെ വീഡിയോയും അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.
ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചവരെയും അധികയാത്രക്കാരെ കയറ്റിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയുമാണ് കിരണ്‍ബേദി കൈകാണിച്ച് നിര്‍ത്തിയത്. ഹെല്‍മെറ്റ് ഇല്ലാത്തവരോട് ഹെല്‍മെറ്റ് എവിടെയെന്ന് ചോദിച്ച ഗവര്‍ണര്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ അപകടം ക്ഷണിച്ചവരുത്തുകയാണെന്ന മുന്നറിയിപ്പും നല്‍കി. അധികയാത്രക്കാരെ കയറ്റിയ വാഹനങ്ങളില്‍നിന്ന് അവരെ ഇറക്കിയശേഷമാണ് കിരണ്‍ബേദി യാത്ര തുടരാന്‍ അനുവദിച്ചത്.
പിന്നീട് സമീപത്തുണ്ടായിരുന്ന പോലീസുകാരോട് ഓരോ യാത്രക്കാരനോടും നേരിട്ട് സംസാരിക്കാനും ആവശ്യപ്പെട്ടു. വാഹനം ഓടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പോലീസിന് നിര്‍ദേശം നല്‍കി. അധികയാത്രക്കാരെ കയറ്റിയ വാഹനങ്ങളില്‍നിന്ന് അവരെ ഇറക്കിയശേഷമാണ് കിരണ്‍ബേദി യാത്ര തുടരാന്‍ അനുവദിച്ചത്.
നേരത്തെ കിരണ്‍ ബേദി പുതുച്ചേരിയിലൂടെ കാറില്‍ സഞ്ചരിച്ച് ട്രാഫിക് സംവിധാനത്തിലെ പോരായ്മകള്‍ കണ്ടെത്തിയതും വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോട് അനുബന്ധിച്ച് ലെഫ്. ഗവര്‍ണര്‍ വീണ്ടും റോഡിലിറങ്ങിയത്.
Content Highlights: puducherry governor kiran bedi stops motorists for traffic awareness