ചെങ്ങന്നൂര്‍: 'പി.എസ്.വെണ്മണി'. നിയുക്ത മിസോറം ഗവര്‍ണര്‍ ശ്രീധരന്‍പിള്ള സാഹിത്യരചനകള്‍ നടത്തിയിരുന്നത് ഈ തൂലികാനാമത്തിലാണ്. ജന്മനാടിനോടുള്ള അടങ്ങാത്ത സ്നേഹം ഈ പേരിലൂടെ വായിച്ചെടുക്കാം. ചെങ്ങന്നൂരിലെ ഈ ചെറുഗ്രാമത്തിന്റെ പച്ചപ്പ് എന്നും അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചിരുന്നു.
രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും ജാതിയുടെയും അതിര്‍വരമ്പുകളില്ലാത്ത അദ്ദേഹത്തിന്റെ സൗഹൃദം നാട്ടിന്‍പുറത്തിന്റെ നന്മ മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാവണം. മിസോറമിന്റെ മൂന്നാമത്തെ മലയാളി ഗവര്‍ണറായി സ്ഥാനമേല്‍ക്കാന്‍ ഒരുങ്ങുന്ന പി.എസ്.ശ്രീധരന്‍പിള്ള ചെങ്ങന്നൂരിന്റെ സ്വന്തമാണ്.
കര്‍മമണ്ഡലമായ കോഴിക്കോട്ട് അദ്ദേഹം സ്ഥിരവാസമുറപ്പിച്ചെങ്കിലും ജന്മനാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിച്ചില്ല. ബാല്യം മുതലുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ഈ സൗഹൃദം രാഷ്ട്രീയജീവിതത്തിലും മുതല്‍ക്കൂട്ടായി എന്നതിന് തര്ക്കമുള്ളവരുണ്ടാകില്ല. എതിരാളികളാല്പ്പോലും അംഗീകരിക്കപ്പെടുന്ന വ്യക്തിത്വം എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. അദ്ദേഹം സ്ഥാനാര്‍ഥിയായ ചെങ്ങന്നൂരിലെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ വര്‍ധിച്ച വോട്ടുവിഹിതം ഇതിന് നേര്‍സാക്ഷ്യം.
രാഷ്ട്രീയമായി ഭിന്നാഭിപ്രായം പുലര്‍ത്തുന്നവര്‍ക്കും സ്വീകാര്യന്‍. രാഷ്ട്രീയവും സാംസ്കാരികവും സാഹിത്യവുമൊക്കെയായി നൂറിലേറെ പുസ്തകങ്ങളുടെ രചയിതാവാണ്. സാഹിത്യത്തില്‍ എട്ടെണ്ണം ഉള്‍പ്പെടെ 30-ഓളം പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അഭിഭാഷകന് എന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ പാണ്ഡിത്യത്തിലും ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. നാലുപതിറ്റാണ്ട് നീണ്ട നിയമവൃത്തിയില്‍ നൂറ്റിമുപ്പതോളം അഭിഭാഷകര്‍ ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ പലരും ജഡ്ജിമാരായെന്നത് യാഥാര്‍ഥ്യം.
തിരക്കേറിയ രാഷ്ട്രീയപ്രവര്ത്തനത്തിനിടയിലും ജില്ലാ കോടതികളിലും ഹൈക്കോടതിയിലും പ്രാക്ടീസിനും സമയം കണ്ടെത്തിയിരുന്നു. ഹൈക്കോടതിയില്‍ സി.ബി.ഐ.യുടെ സ്റ്റാന്‍ഡിങ് കോണ്‍സലായും കേന്ദ്രസര്‍ക്കാരിന്റെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചു. ഇടത്, വലത് മുന്നണി സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യത്തിനും വിശ്വാസ്യതയ്ക്കും ഇതിലും വലിയ തെളിവെന്തുവേണം. ചെങ്ങന്നൂരില്‍ ജനിച്ച് കോഴിക്കോട്ട് കര്‍മമണ്ഡലമാക്കിയ പി.എസ്. ഇനി മിസോറമിന്റെ ശ്രീയാകാനൊരുങ്ങുകയാണ്.
content highlights: ps sreedharan pillai pen name ps venmani